| Friday, 8th March 2024, 12:34 pm

ബീഹാർ സീറ്റ് വിഭജനത്തിൽ ബി.ജെ.പിക്ക് കടമ്പകളേറെ; ചിരാഗ് പാസ്വാൻ ഇന്ത്യ സഖ്യത്തിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ സഖ്യകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പ്രയാസപ്പെട്ട് ബി.ജെ.പി. ജെ.ഡി.യുവിന് പുറമേ ചിരാഗ് പാസ്വാൻ എം.പിയുടെ എൽ.ജെ.പി (രാം വിലാസ്), മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് മാർച്ച (ആർ.എൽ.എം) എന്നിവയുമായും സീറ്റ് ചർച്ചകൾ സംബന്ധിച്ച് തീരുമാനം അന്തിമമാക്കാനുണ്ട്.

ബി.ജെ.പി നൽകുവാൻ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ചിരാഗ് പാസ്വാനും ഉപേന്ദ്ര കുഷ്‌വാഹയും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ബീഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും സീറ്റ് വിഭജനം സംബന്ധിച്ച് കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ദൽഹിയിലേക്ക് പുറപ്പെട്ടു.

ചിരാഗിന്റെ ആവശ്യം പരിഗണിച്ച് ഹാജിപുർ സീറ്റ് നൽകുവാൻ ബി.ജെ.പി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എം.പിയായ ചിരാഗിന്റെ അമ്മാവൻ പശുപതി കുമാർ പരസും ചിരാഗും തമ്മിൽ സീറ്റിന് വേണ്ടി മത്സരമുണ്ടായിരുന്നു.

രാം വിലാസ് പാസ്വാൻ എട്ട് തവണ എം.പിയായ മണ്ഡലമാണിത്.

രാം വിലാസിന്റെ സഹോദരൻ രാംചന്ദ്ര പാസ്വാന്റെ മകൻ പ്രിൻസ് രാജ് പ്രതിനിധീകരിക്കുന്ന സമസ്തിപൂർ മണ്ഡലത്തിൽ നിന്ന് പശുപതി കുമാർ പരസ് മത്സരിക്കുമെന്നാണ് സൂചന.

ചിരാഗുമായി കോൺഗ്രസും ആർ.ജെ.ഡിയും ചർച്ചകൾ നടത്തുന്നുണ്ടെന്നും ഇന്ത്യ സഖ്യത്തിനൊപ്പം ചേർന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് നേരിടുമെന്നും നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ബീഹാറിൽ എട്ട് സീറ്റുകളും ഉത്തർപ്രദേശിൽ രണ്ട് സീറ്റും ഇന്ത്യ സഖ്യം ചിരാഗിന് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ഈയിടെ നടന്ന നരേന്ദ്ര മോദിയുടെ പരിപാടികളിൽ ചിരാഗ് പങ്കെടുക്കാതിരുന്നത് അഭ്യൂഹങ്ങൾ ശക്തമാക്കി.

CONTENT HIGHLIGHT: BJP faces problems of plenty to clinch deal for Bihar seats

We use cookies to give you the best possible experience. Learn more