| Wednesday, 10th March 2021, 10:13 am

ഉത്തരാഖണ്ഡിന് പിന്നാലെ ഹരിയാനയിലും അടിപതറി ബി.ജെ.പി സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ഹരിയാനയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം.

ബുധനാഴ്ച അവിശ്വാസ പ്രമേയം പരിഗണിക്കുമെന്ന് സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്ത നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, ജെ.ജെ.പി അംഗങ്ങള്‍ക്ക് ഇരുപാര്‍ട്ടികളും വിപ്പ് നല്‍കിയിട്ടുണ്ട്.

90 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 40 അംഗങ്ങളാണ് ഉളളത്. ജെ.ജെ.പിക്ക് 10 അംഗങ്ങളും ഉണ്ട്. 31 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

കര്‍ഷകര്‍ക്കെതിരേ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏതൊക്കെ എം.എല്‍.എമാരാണ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മനസിലാകുമെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. സര്‍ക്കാരിനെതിരേ സഖ്യകക്ഷിക്കുളളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും ഹൂഡ ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ ഉത്തരാഖണ്ഡില്‍ ബി.ജെ.പി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബി.ജെ.പിയ്ക്കുള്ളില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് രാജി.

ഇതോടെ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ എം.എല്‍.എമാരില്‍ ഒരു വിഭാഗം തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലെത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നാണ് എം.എല്‍.എമാരുടെ പരാതി.

മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും എം.എല്‍.എമാര്‍ ഉന്നയിച്ചിരുന്നു. ഉത്തരാഖണ്ഡിലെ 10 എം.എല്‍.എമാര്‍ ഇപ്പോഴും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ദല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ത്രിവേന്ദ്ര സിംഗ് റാവത്ത് ദല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു.

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്. ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദേശ പ്രകാരം ബി.ജെ.പി വൈസ് പ്രസിഡന്റ് രമണ്‍ സിംഗും, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് സിംഗ് ഗൗതമും സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP Faces No Confidence Motion In Haryana
We use cookies to give you the best possible experience. Learn more