| Friday, 18th June 2021, 4:03 pm

പാര്‍ട്ടിക്കെതിരെ അണികളും നേതാക്കളും; അഞ്ച് സംസ്ഥാനങ്ങളില്‍ അടി പതറി ബി.ജെ.പി.

അന്ന കീർത്തി ജോർജ്

ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്ന ത്രിപുര, മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ തന്നെ ശബ്ദമുയര്‍ത്തുന്ന കര്‍ണാടക, ബി.ജെ.പിയുടെ മുഖ്യമന്ത്രി തന്നെ കേന്ദ്രവുമായി പോരടിക്കുന്ന യു.പി, തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എം.എ.എമാരുടെ കൂറുമാറ്റം തകൃതിയായി നടക്കുന്ന ബംഗാള്‍, തെരഞ്ഞെടുപ്പ് പരാജയത്തെകൂടാതെ കുഴല്‍പ്പണ വിവാദത്തില്‍ കൂടി പെട്ട് തകിടം മറിഞ്ഞിരിക്കുന്ന കേരളം. രാജ്യത്ത് ബി.ജെ.പിയുടെ നില അങ്ങേയറ്റം പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ബി.ജെ.പി. അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലും നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത സംസ്ഥാനത്തിലും വരെ പാര്‍ട്ടിയുടെ നില പരുങ്ങലിലാണെന്ന് വ്യക്തമാണ്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണ് നേതൃത്വത്തിന് കീറാമുട്ടിയാകുന്നത്.

നിലവില്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയില്‍ ഉള്‍പ്പാര്‍ട്ടി പോരുകള്‍ രൂക്ഷമായിരിക്കുന്നത്. നാളുകളായി പാര്‍ട്ടിയിലെ പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളെ, മോദി – അമിത് ഷാ നേതൃത്വത്തോടുള്ള ചില നേതാക്കളുടെ എതിര്‍പ്പും, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനങ്ങളുമെല്ലാം രൂക്ഷമാക്കിയിരിക്കുകയാണ്.

ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി. നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ബി.ജെ.പിയുടെ നില എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

ത്രിപുര

2017ല്‍ ബി.ജെ.പിയിലെത്തിയ പ്രമുഖ തൃണമൂല്‍ നേതാവായിരുന്ന സുദീപ് റോയ് ബര്‍മനടക്കമുള്ള നിരവധി എം.എല്‍.എമാര്‍ ബി.ജെ.പി. വിടുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുദീപ് റോയ് ബര്‍മനും മറ്റു നേതാക്കളും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിപ്ലബ് ദേബ് കുമാറുമായുള്ള അസ്വാരസ്യങ്ങളാണ് ഇവര്‍ പാര്‍ട്ടി വിടുന്നതിന് പിന്നിലെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബിപ്ലബിനെ പുറത്താക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്ന ക്യാംപെയ്നും ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയതും അവിടെ ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂലിലേക്ക് പോകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നുവെന്ന വാര്‍ത്തയും ത്രിപുരയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ സ്വാധീനം ചെലുത്തുണ്ട്.

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വളര്‍ച്ച നേടിയിരിക്കുയാണെന്നും ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നുമായി 11,300 പ്രവര്‍ത്തകര്‍ തൃണമൂലിലെത്തിയെന്നുമാണ് തൃണമൂല്‍ ത്രിപുര അധ്യക്ഷന്‍ ആശിഷ് ലാല്‍ സിംഗ് അറിയിച്ചത്.

ബി.ജെ.പി കുടുംബത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം ചര്‍ച്ച ചെയ്ത പരിഹരിക്കുമെന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ഉന്നതതല നേതാക്കളെത്തി എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള യോഗങ്ങള്‍ നടക്കുകയാണ് സംസ്ഥാനത്ത്.

പശ്ചിമ ബംഗാള്‍

ത്രിപുരയിലെ കൂറുമാറ്റത്തോട് ചേര്‍ത്തുവായിക്കാവുന്നതാണ് പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ തകര്‍ച്ച. ബംഗാളില്‍ അടുത്തിടെ ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

2017ല്‍ പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ ബി.ജെ.പി. പ്രവേശനം. അന്ന് മുതല്‍ ആരംഭിച്ച അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ പാളിപ്പോകുന്നതായാണ് നിലവിലെ സൂചനകള്‍.

ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ജെ.പിയിലെ 30 ഓളം എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് പറയുന്നത്. രണ്ട് ബി.ജെ.പി എം.പിമാരും തൃണമൂലിലേക്ക് വരുമെന്നും സുഭ്രാംഗ്ഷു പറയുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 25 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എമാര്‍ അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്നും ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നുമാണ് സുവേന്തു അധികാരി പറഞ്ഞത്.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ച് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണ് ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതും, ഇവരില്‍ പലരും, തൃണമൂലിലേക്ക് തിരിച്ചുവരണമെന്നും മമത ദീദിയെ കൂടാതെ തങ്ങള്‍ക്ക് ജീവിക്കാനാകില്ലെന്നുമുള്ള പരസ്യ പ്രസ്താവനകളും നടത്തിയിരുന്നു. നേതാക്കള്‍ മാത്രമല്ല ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിന് ക്ഷമ ചോദിച്ച് അനേകം പ്രവര്‍ത്തകരും ബംഗാളില്‍ റാലിയുമായി മുന്നോട്ടുവന്നിരുന്നു.

കര്‍ണാടക

ത്രിപുരയിലും ബംഗാളിലും എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോകാതിരിക്കാനാണ് ബി.ജെ.പി നേതൃത്വം നെട്ടോട്ടമോടുമെന്നതെങ്കില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെയുള്ള പടയൊരുക്കത്തെ നിയന്ത്രിക്കാനാണ് ബി.ജെ.പി കഷ്ടപ്പെടുന്നത്.

കര്‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു.

യെദിയൂരപ്പയുടെ വിശ്വസ്തരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രിയായിരുന്നു  കെ.എസ്. ഈശ്വരപ്പ. എന്നാല്‍ ഈയടുത്ത് നടന്ന മന്ത്രിസഭാ പുനസംഘടനയോടെ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ രൂക്ഷമാകുകയായിരുന്നു.

നേരത്തെ, തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുന്നുവെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ കോടികളുടെ ഫണ്ട് കൈമാറ്റം ചെയ്യുന്നുവെന്നും ആരോപിച്ച് ഗവര്‍ണര്‍ക്കും ബി.ജെ.പി. നേതൃത്വത്തിനും ഈശ്വരപ്പ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്.

മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്‌നാലും മുന്നോട്ടുവന്നിട്ടുണ്ട്. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്നാണ് ബസന ഗൗഡ പറഞ്ഞത്.

കര്‍ണ്ണാടകയിലെ പ്രതിസന്ധി വിലയിരുത്താന്‍ ബി.ജെ.പി. വക്താവ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുമായും എം.എല്‍.എമാരുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്ന് പറഞ്ഞ അരുണ്‍ സിംഗ് യെദിയൂരപ്പയെ മാറ്റുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശ്

2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശാണ് ബി.ജെ.പിയെ കുഴക്കുന്ന മറ്റൊരു സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതൃത്വവുമായുള്ള സ്വരചേര്‍ച്ചകളാണ് പ്രശനം സൃഷ്ടിക്കുന്നതെങ്കില്‍ യു.പിയില്‍ ഇത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് വരെ എത്തിനില്‍ക്കുയാണ്.

യോഗിയെ തള്ളിപ്പറഞ്ഞ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തിയത് ഇപ്പോഴത്തെ യോഗി-മോദി പോരിന് ആക്കം കൂട്ടുകയാണ്. കൊവിഡ് രോഗം വ്യാപിക്കുന്ന സമയത്തും ക്യത്യമായ ഇടപെടല്‍ നടത്താന്‍ യോഗിയ്ക്ക് കഴിഞ്ഞില്ലെന്ന ആരോപണം ഒരു ഭാഗത്ത്.

കൂടാതെ, കൊവിഡ് രോഗികളുടെ ശവങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്നതും, സര്‍ക്കാരുദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതും തുടര്‍ന്നുണ്ടായ മരണങ്ങളും, സ്വന്തം എം.എല്‍.എമാരോടും എം.പിമാരോടും പോലും ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ നടത്താത്തതുമെല്ലാമടക്കം നിരവധി ആരോപണങ്ങളാണ് യോഗിയ്ക്കെതിരെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ നിന്നുയരുന്നത്.

ഇതിനെല്ലാം പുറമേ യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ബി.ജെ.പിയ്ക്ക് കഴിയാത്തതും കേന്ദ്രത്തെ ആശങ്കയിലാഴ്ത്തി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ പോയ യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നടത്തിയ മുന്നേറ്റം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് യോഗിയെ നിയന്ത്രിക്കേണ്ട സമയമായെന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിറകില്‍.

തന്റെ വിശ്വസ്തനായ എ.കെ. ശര്‍മ്മയെ മന്ത്രിസഭയിലെത്തിച്ച് മന്ത്രിസഭാ പുനസംഘടന നടത്താനുള്ള ശ്രമങ്ങള്‍ മോദി ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിന് യോഗി സമ്മതിച്ചിട്ടില്ല. ഇതിനിടയില്‍ യോഗിയെ ഒഴിവാക്കിക്കൊണ്ട് യു.പിയില്‍ ബി.ജെ.പിയുടെ കൂടിക്കാഴ്ചയും നടന്നു.

ജൂണ്‍ ആദ്യവാരത്തില്‍ ബി.ജെ.പി. ദേശീയ നേതാക്കള്‍ ലഖ്‌നൗവിലെത്തി യോഗി മന്ത്രിസഭയിലെ 15 മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്നാണ് കൂടിക്കാഴ്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രധാന അഭിപ്രായം.

ഉത്തര്‍പ്രദേശില്‍ കേന്ദ്രം നടത്തുന്ന ഇപ്പോഴത്തെ ഇടപെടലുകള്‍ മന്ത്രിസഭാ പുന:സംഘടനയാണോ അതോ യോഗി ആദിത്യനാഥിനെ മാറ്റി നിര്‍ത്താനുള്ള നീക്കമാണോ എന്ന് ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നു.

എന്നാല്‍ യു.പിയില്‍ യോഗിയെ കേന്ദ്രനേതൃത്വത്തിന് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല. അതേസമയം യോഗിയ്ക്ക് ഒറ്റയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനും കഴിയില്ല. യു.പിയില്‍ ഒരു തീരുമാനവുമെടുക്കാനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി.

കേരളം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വത്തിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. അമിത് ഷായും മോദിയുമെല്ലാം നേരിട്ടെത്തി വലിയ പ്രചരണങ്ങള്‍ നടത്തിയിട്ടും ഉണ്ടായിരുന്ന ഒരൊറ്റ സീറ്റ് പോലും നഷ്ടപ്പെട്ട പ്രകടനമാണ് ബി.ജെ.പിയ്ക്ക് കേരളത്തില്‍ നടത്താനായത്.

ഇതോടെ നേരത്തെ തന്നെ കെ. സുരേന്ദ്രന്റെ കീഴിലുള്ള സംസ്ഥാന നേതൃത്വത്തോടുള്ള എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ രൂക്ഷമായി. പി.കെ കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷം പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഇതിനിടയില്‍ കൊടകര കുഴല്‍പ്പണക്കേസും, മഞ്ചേശ്വരത്ത് മത്സരത്തില്‍ നിന്നും പിന്മാറാനായി കെ. സുന്ദര എന്ന സ്ഥാനാര്‍ത്ഥിക്ക് ലക്ഷങ്ങള്‍ നല്‍കിയതും വയനാട്ടില്‍ എന്‍.ഡി.എയിലേക്ക് മടങ്ങിയെത്താന്‍ സി.കെ. ജാനുവിന് പത്ത് ലക്ഷം നല്‍കിയതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കെ. സുരേന്ദ്രന് തിരിച്ചടിയായി.

കെ. സുന്ദര, സി.കെ. ജാനു സംഭവങ്ങളില്‍ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. കൊടകരയില്‍ കുഴല്‍പ്പണമെത്തിയത് ബി.ജെ.പിയ്ക്ക് വേണ്ടിയാണെന്നും അത് കവര്‍ച്ച ചെയ്തത് ബി.ജെ.പിക്കാരാണെന്നും കേസില്‍ പിടിക്കപ്പെട്ടവര്‍ മൊഴി നല്‍കിയിരിക്കുകയാണ്.

കേസുകളില്‍ പെട്ട് ബി.ജെ.പി കേരളാ നേതാക്കള്‍ വലയുന്നതിനിടയിലാണ് മോദിയും അമിത് ഷായും സംസ്ഥാന ബി.ജെ.പിയെ കുറിച്ച് നേരിട്ട് പഠിക്കാന്‍ സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ എന്നിവരെ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ വരുന്നത്.

ഇതില്‍ സി.വി. ആനന്ദബോസിന്റെ റിപ്പോര്‍ട്ടില്‍ സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതിലടക്കം പ്രാദേശിക-സംസ്ഥാന നേതാക്കള്‍ക്കുള്ള അഭിപ്രായങ്ങളും പരാതികളും പ്രതിപാദിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

പിന്നാലെ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന നേതൃത്വം രംഗത്തുവന്നു. റിപ്പോര്‍ട്ട് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണവും വന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് സി.വി. ആനന്ദബോസ് തന്നെ ദേശീയ മാധമ്യങ്ങള്‍ക്ക് മുന്‍പിലെത്തി.

സംസ്ഥാനവും ദേശീയ നേതൃത്വവും ആനന്ദബോസും വെവ്വേറെ തട്ടുകളിലായിട്ടും വിഷയത്തില്‍ ഒരു പ്രതികരണവും നടത്താന്‍ മോദിയും അമിത് ഷായും തയ്യാറായിട്ടില്ല. മാത്രമല്ല, കേരളത്തിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തില്‍ സുരേന്ദ്രനെതിരെ കടുത്ത അതൃപ്തിയിലാണ് മോദിയും അമിത് ഷായുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ കേരളത്തിലും കര്‍ണാടകത്തിലും ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലും കിഴക്കേ ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി.ജെ.പി തങ്ങളുടെ സ്വന്തം നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നിസംശയം പറയാം.

കൊവിഡ് വ്യാപനം നേരിടുന്നതില്‍ ബി.ജെ.പി സര്‍ക്കാറിനുണ്ടായ വീഴ്ച രാജ്യമാസകലം വലിയ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തിയ ഈ ഘട്ടത്തില്‍ തന്നെ സംഘടനാപരമായും നേരിടേണ്ടി വരുന്ന ഈ പ്രതിസന്ധികള്‍ ബി.ജെ.പിക്ക് കനത്ത പ്രഹരങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തലുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BJP faces challenges within in the party in Kerala, Karnataka, Uttar Pradesh, Tripura and West Bengal – Explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more