| Monday, 26th August 2024, 5:15 pm

കങ്കണയെ തള്ളി ബി.ജെ.പി; കര്‍ഷക സമരത്തിനെതിരായ പരാമർശത്തിൽ അതൃപ്തി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: മാണ്ഡി ബി.ജെ.പി എം.പിയും ബോളിവുഡ് അഭിനേത്രിയുമായ കങ്കണ റണൗത്തിനെ തള്ളി പാര്‍ട്ടി നേതൃത്വം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ട്ടി നയങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

‘രാജ്യത്തെ കര്‍ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും,’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കര്‍ഷക സമരത്തിന് പിന്നില്‍ വിദേശിയരായ ഗൂഢാലോചനക്കാരുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് സമരത്തെ മോശപ്പെട്ട സാഹചര്യത്തിലേക്ക് കൊണ്ടുപോകാതിരുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.

എന്നാല്‍ ഈ പരാമര്‍ശത്തെ തള്ളിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. എക്സില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് കങ്കണ ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

കര്‍ഷക സമരം നിലയുറച്ച പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നതായി കാണാമായിരുന്നെന്നും വ്യാപകമായി ബലാത്സംഗം നടന്നിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി എം.പിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നത്.

പരാമര്‍ശം വിവാദമായതോടെയാണ് കങ്കണയെ തള്ളി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷവും സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിദേശ ശക്തികളാണെന്നും സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്നും കങ്കണ വീഡിയോയില്‍ പറയുന്നു. ഇന്ത്യയ്ക്ക് അകത്തുള്ളവരുടെ സഹായത്താലാണ് ഈ ശക്തികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കങ്കണ ആരോപിച്ചിരുന്നു.

കങ്കണയുടെ പരാമര്‍ശങ്ങള്‍ പഞ്ചാബ് ബി.ജെ.പിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം അഭിപ്രായങ്ങളില്‍ നിന്ന് കങ്കണ വിട്ടുനില്‍ക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹര്‍ജിത് ഗരേവാള്‍ പറഞ്ഞു. കര്‍ഷകരെക്കുറിച്ച് സംസാരിക്കുന്നത് കങ്കണയുടെ വകുപ്പല്ല, കങ്കണയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ഗരേവാള്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

പ്രതിപക്ഷം ഏത് ആയുധമാണോ ബി.ജെ.പിക്കെതിരെ ഉപയോഗിക്കുന്നത്, അതേ ആയുധമാണ് കങ്കണയും ഉപയോഗിച്ചതെന്നും ഗരേവാള്‍ പറഞ്ഞു. സെന്‍സിറ്റാവായതും മതപരമായതുമായ വിഷയങ്ങളില്‍ കങ്കണ അഭിപ്രായങ്ങള്‍ പറയരുതെന്നും ഗരേവാള്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ബി.ജെ.പിയുടെ നീക്കത്തെ മറ്റൊരു യു-ടേര്‍ണായി വിശേഷിപ്പിക്കുകയും ചെയ്തു.

മുമ്പ് 100രൂപയും 200രൂപയും കൊടുത്തിട്ടാണ് കര്‍ഷകര്‍ സമരത്തില്‍ പോയിരിക്കുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കുല്‍വീന്ദര്‍ കൗര്‍ എന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തില്‍ വെച്ച് കങ്കണ റണാവത്തിന്റെ മുഖത്തടിച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപെട്ട കങ്കണ ദല്‍ഹിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് അവരുടെ മുഖത്തടിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് നിരവധി ആളുകളും രംഗത്തെത്തിയിരുന്നു. അതേസമയം തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മൗനം പാലിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്റെ പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ട കങ്കണ പിന്നീട് അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

Content Highlight: BJP expressed displeasure with Kangana’s controversial remarks regarding farmers’ strike

We use cookies to give you the best possible experience. Learn more