ബി.ജെ.പി വോട്ടു കിട്ടാന്‍ മതത്തെ ഉപയോഗിക്കുന്നു; രാജ് താക്കറെ
national news
ബി.ജെ.പി വോട്ടു കിട്ടാന്‍ മതത്തെ ഉപയോഗിക്കുന്നു; രാജ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 12:24 pm

വിഖ്രോളി: ബി.ജെ.പി വോട്ടിനായി മതം ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ് സേന തലവന്‍ രാജ് താക്കറെ. ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിങ്ങള്‍ക്കിടയിലും വിഭജനം സൃഷ്ടിച്ച് വോട്ടു നേടാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന് താക്കറെ ആരോപിച്ചു.

“സര്‍ക്കാരിന് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റു വിഷയങ്ങളൊന്നും ഇല്ലാത്തതിനാല്‍ അവര്‍ ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിങ്ങള്‍ക്കിടയിലും വിഭജനം സൃഷ്ടിച്ച് വോട്ടു നേടാന്‍ ശ്രമിക്കുകയാണ്”- വിഖ്രോളിയില്‍ ജനങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമക്ഷേത്രത്ത വിഷയത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് താക്കറെ കുറ്റപ്പെടുത്തി. “രാമക്ഷേത്രം പണിയണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അത് നിര്‍മ്മിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്രം നിര്‍മ്മിച്ചാലും കുഴപ്പൊമൊന്നുമില്ല”- താക്കറെ പറഞ്ഞു.

ഹനുമാന്‍ ദളിത് ആണെന്ന് യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തേയും താക്കറെ വിമര്‍ശിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരേക്കാള്‍ മഹാരാഷ്ട്രിയിലെ യുവാക്കള്‍ക്ക് ജോലിയില്‍ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു.

“ഞാന്‍ പറഞ്ഞത് ശരിയാണ്. മഹാരാഷ്ട്രയില്‍ ശരിക്കുമുള്ള പ്രശ്‌നങ്ങളിലൊന്ന് കുടിയേറ്റമാണ്. തൊഴിലില്ലാഴ്മ രൂക്ഷമാണ് സംസ്ഥാനത്തില്‍. എന്നാല്‍ ആരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല”- താക്കറെ പറഞ്ഞു.

ഹിന്ദി വളരെ മനോഹരമായ ഒരു ഭാഷയാണെന്നും എന്നാല്‍ അതൊരിക്കലും രാഷ്ട്രഭാഷ ആക്കേണ്ടിയിരുന്നില്ലെന്നും താക്കറെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ പലതരം ഭാഷകളുണ്ട്, എന്നാല്‍ ആ ഭാഷകളെയൊന്നും കണക്കിലെടുക്കാതെ ഹിന്ദിക്ക് മാത്രം പ്രാമുഖ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു താക്കറെ പറഞ്ഞത്.