ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രിയെ പുറത്താക്കി ബി.ജെ.പി. ഹരക് സിംഗ് റാവത്തിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പാര്‍ട്ടിക്കുള്ളില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിനും റാവത്തിനുമിടയിലുള്ള അസ്വാരസ്യങ്ങളുടെ വാര്‍ത്തകള്‍ കുറച്ച് ആഴ്ചകളായി പുറത്ത് വന്നിരുന്നു.
ഉത്തരാഖണ്ഡിലെ കൊട്ഡ്‌വാര്‍ എന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ റാവത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൊട്ഡ്‌വാറില്‍ നിന്നുള്ള എം.എല്‍.എയാണ് റാവത്ത്.
എന്തുതന്നെ ആയാലും കൊട്ഡ്‌വാറില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നും അതിന് ഏതറ്റം വരെയും പോകുമെന്നും റാവത്ത് പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തന്റെ ചില കുടുംബാംഗങ്ങള്‍ക്ക് വേണ്ടി റാവത്ത് സീറ്റുകള്‍ അവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
വനം-പരിസ്ഥിതി-തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു റാവത്ത്. കഴിഞ്ഞ മാസം, മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തില്‍ നടന്ന കാബിനറ്റ് മീറ്റിങ്ങില്‍ വെച്ച്, രാജി വെക്കുമെന്ന് റാവത്ത് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനെ പിന്നാലെയാണ് കഴിഞ്ഞ ദിവസം പുറത്താക്കലിനെ സംബന്ധിച്ച് ബി.ജെ.പിയുടെ അറിയിപ്പ് വന്നത്.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് ആണ് റാവത്തിനെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്തത്. ഇതോടെ വനം-പരിസ്ഥിതി-തൊഴില്‍ വകുപ്പിന്റെ ചുമതല ഇനി മുഖ്യമന്ത്രിക്കായിരിക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP expels Uttarakhand minister Harak Singh Rawat