Advertisement
national news
കപില്‍ ഗുജ്ജാറിന് അംഗത്വം നല്‍കി പുലിവാല് പിടിച്ച് ബി.ജെ.പി; തൊട്ടുപിന്നാലെ പുറത്താക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 30, 02:27 pm
Wednesday, 30th December 2020, 7:57 pm

ന്യൂദല്‍ഹി: അംഗത്വമെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കപില്‍ ഗുജ്ജാറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. ദല്‍ഹിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പി ഇയാളെ പുറത്താക്കിയത്. കപില്‍ ഗുജ്ജാറിനെ ബി.ജെ.പിയില്‍ അംഗത്വം നല്‍കിയ പ്രവര്‍ത്തകരോട് വിശദീകരണം തേടുമെന്നും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുത്വയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു നേരത്തെ കപില്‍ ഗുജ്ജാര്‍ പറഞ്ഞത്.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് കപിലിന് അംഗത്വം നല്‍കിയത്.

ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്.

ജയ്ശ്രീറാം വിളിച്ചുകൊണ്ടും ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.

2019 ഡിസംബര്‍ 14നായിരുന്നു ദല്‍ഹിയില്‍ പ്രതിഷേധ സമരം ആരംഭിച്ചത്. 2020 മാര്‍ച്ച് 24 വരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം തുടര്‍ന്നു. രാജ്യത്ത് കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

രാജ്യദ്രോഹികളെ വെടിവെക്കണമെന്ന കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ദല്‍ഹിയില്‍ വെടിവെയ്പ്പുകള്‍ നടന്നത്. ഗുജ്ജാര്‍ വെടിയുതിര്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് തോക്കുധാരിയായ മറ്റൊരാളും ജാമിയ മിലിയ ഇസ്‌ലാമിയയ്ക്ക് സമീപം ഒരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: BJP expels ‘Shaheen Bagh shooter’ Kapil Gujjar hours after joining party