| Wednesday, 11th August 2021, 10:39 am

ജന്തര്‍മന്തിറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബി.ജെ.പി മുന്‍ വക്താവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് ദല്‍ഹി ബി.ജെ.പി മുന്‍ വക്താവ് അശ്വിനി ഉപാദ്ധ്യായയെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവ്.

ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ റദ്ദാക്കി രാജ്യത്ത് ഏകീകൃത നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജന്തര്‍മന്തിറില്‍ നടത്തിയ പ്രക്ഷോഭത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനായിരുന്നു അറസ്റ്റ്. ഉപാദ്ധ്യായയ്ക്ക് പുറമേ അഞ്ച് പേര്‍ കൂടി അറസ്റ്റിലായിരുന്നു.

ഉപാദ്ധ്യായയുടെ ജാമ്യാപേക്ഷ ദല്‍ഹി പട്യാല ഹൗസ് കോടതി ബുധനാഴ്ച പരിഗണിക്കും. അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമുണ്ടാക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ദല്‍ഹി പൊലിസ് കോടതിയെ അറിയിച്ചു.

അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ, ഉപാദ്ധ്യായ അടക്കമുള്ള നാലു പേരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാനും മറ്റ് രണ്ടു പേരെ മൂന്ന് ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ ലഭിക്കാനും അപേക്ഷ സമര്‍പ്പിച്ചു.

ഉപാദ്ധ്യായയും മറ്റ് പ്രതികളും തമ്മിലുള്ള ബന്ധം, കേസിനാസ്പദമായ സംഭവങ്ങള്‍ക്കായി ഫണ്ട് ലഭിച്ചത് എവിടെ നിന്ന്, തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

അതേസമയം പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും പൊലിസ് നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ അശ്വനി ദുബെ, അലക് അലോക് ശ്രീവാസ്തവ എന്നിവര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ അനുമതിയില്ലാതെയാണ് അശ്വനി ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ‘നമ്മുടെ രാജ്യം മതേതരമാണ്. രാജ്യത്തിന്റെ അടിസ്ഥാനവും ഈ മതേതരത്വമാണ്. അത് നമ്മള്‍ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്, ‘
എന്നായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നു വന്ന മുദ്രാവാക്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ പ്രകടനം നടക്കുമ്പോള്‍ ഉപാദ്ധ്യായ സംഭവ സ്ഥലത്ത് ഇല്ലായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. ഇതിനു തെളിവായി ഒരു പെന്‍ഡ്രൈവും അഭിഭാഷകന്‍ ഹാജരാക്കി. ഉപാദ്ധ്യായയ്ക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും പ്രതിഭാഗം അറിയിച്ചു.

ജന്തര്‍മന്ദറില്‍ ഞായറാഴ്ച ഭാരത് ഛോഡോ ആന്ദോളന്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവ സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് ആള്‍ക്കൂട്ട പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇവിടെ പ്രതിഷേധം നടന്നതെന്ന് ദല്‍ഹി പോലീസ് വിശദീകരിച്ചു.

വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നരംസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ടെലിവിഷന്‍ താരവും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര ചൗഹാനും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Ex spokesman sent to judicila custody as police say release may create unruly situation

We use cookies to give you the best possible experience. Learn more