ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ മുന്‍ ബി.ജെ.പി പാര്‍ലമെന്റ് അംഗം തുപ്‌സ്താന്‍ ചീവാങിന്റെ ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കൂടുതല്‍ അതിക്രമിച്ച് കടന്നതായും
പാംഗോംഗ് ത്സോയുടെ വടക്കന്‍ കരയിലെ ഫിംഗര്‍ 2, 3 സ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ചീവാങിന്റെ ആരോപണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പങ്കുെവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
8400 കോടിയുടെ വിമാനത്തില്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് ചൈനയുടെ പേര് പറയാന്‍ പോലും പേടിയാണെന്ന് രാഹുല്‍ പറഞ്ഞു.
കഠിനമായ ശൈത്യകാലത്ത് പോലും സാധാരണ കൂടാരങ്ങളില്‍ താമസിച്ചാണ് രാജ്യത്തെ സൈനികര്‍ ചൈനയുടെ ആക്രമണത്തിനെതിരെ പൊരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മോദിക്ക് മാത്രമാണ് നല്ല ദിവസങ്ങള്‍ എന്നും രാഹുല്‍ ചോദിച്ചു.
അതിര്‍ത്തിയിലെ സ്ഥിതി ഗുരുതരമാണെന്നും ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കൂടുതല്‍ കടന്നുകയറുകയും പാംഗോംഗ് ത്സോയിലെ ഫിംഗര്‍ 2, 3 മേഖലകളിലെ പ്രധാന സ്ഥാനങ്ങള്‍ കയ്യടക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ദ ഹിന്ദുവിനോട് ചീവാങ് പറഞ്ഞത്.
ഹോട്ട്സ്പ്രിംഗ്സില്‍ നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായി ഒഴിവായിട്ടില്ലെന്നാണ് പ്രദേശവാസികളില്‍ നിന്ന് മനസിലാക്കുന്നതെന്നും ചീവാങ് പറഞ്ഞിരുന്നു.
അതിര്‍ത്തിയിലെ സൈനികര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും ചീവാങ് ആരോപിച്ചിരുന്നു.
എന്നാല്‍ ‘ ദ ഹിന്ദു’വിന്റെ റിപ്പോര്‍ട്ട് വ്യാജമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നെന്നു തന്നെയാണ് റിപ്പോര്‍ട്ടര്‍ വിജയ്താ സിംഗ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP Ex MP against Central Government On Ladakh ; Rahul Gandhi Questions Modi