ന്യൂദൽഹി: ഓരോ രാഷ്ട്രീയ പാർട്ടിയും കൈപ്പറ്റിയ തുക ഉൾപ്പെടെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.
സുപ്രീം കോടതി രജിസ്ട്രിയിൽ നിന്ന് ഡിജിറ്റൽ രൂപത്തിൽ പെൻഡ്രൈവിൽ ലഭിച്ച വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ മുദ്രവെച്ച കവറിൽ ഫയൽ ചെയ്ത വിവരങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
അതേസമയം ബോണ്ട് നൽകിയവരുടെ വിവരം വെളിപ്പെടുത്തിയത് ഡി.എം.കെ ഉൾപ്പെടെ ചുരുക്കം പാർട്ടികൾ മാത്രമാണ്. ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയവർ ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഫ്യൂച്ചർ ഗെയ്മിങ്ങിൽ നിന്ന് 509 കോടി രൂപ ഉൾപ്പെടെ 655.5 കോടി രൂപയാണ് ഡി.എം.കെ കൈപ്പറ്റിയത്.
വിവരങ്ങൾ പ്രകാരം ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് ആകെ 6,986.5 കോടി രൂപയാണ് ബി.ജെ.പി പണമാക്കി മാറ്റിയത്. 2019-20 കാലയളവിൽ മാത്രം 2,555 കോടി രൂപയാണ് പാർട്ടിക്ക് ലഭിച്ചത്. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1,450 കോടി രൂപയായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്.
ഇതേ കാലയളവിൽ കോൺഗ്രസിന് ലഭിച്ചത് 380 കോടി രൂപ മാത്രമാണ്.
1,333.35 കോടി രൂപയാണ് കോൺഗ്രസ് സ്വീകരിച്ചത്. 1,397 കോടി രൂപ കൈപ്പറ്റിയ തൃണമൂൽ കോൺഗ്രസാണ് ബി.ജെ.പിക്ക് ശേഷം ഏറ്റവും കൂടുതൽ തുക ഇലക്ടറൽ ബോണ്ട് വഴി കൈപ്പറ്റിയത്. 1,322 കോടി രൂപയാണ് ബി.ആർ.എസ് നേടിയത്.
2019 ഏപ്രിൽ 12ന് ശേഷമുള്ള ഇലക്ടറൽ ബോണ്ടുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 6,061 കോടി രൂപയാണ് ബി.ജെ.പി നേടിയത്. 2019 മുതൽ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച തുകയുടെ 48 ശതമാനമാണ് ഇത്.