തിരുവനന്തപുരം: ബി.ജെ.പിയിലെ ഗ്രൂപ്പിസമാണ് ശബരിമല വിഷയം ‘ഫലപ്രദമായി ഉപയോഗിക്കുന്നതിന്’ തടസമാകുന്നതെന്ന ആര്‍.എസ്.എസ് നേതൃത്വം. പല ജില്ലയിലും പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്നും നേതൃത്വം വിലയിരുത്തി.
വന്‍ മുന്നേറ്റമുണ്ടാവുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി. തിരുവനന്തപുരം നഗരം, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബി.ജെ.പി ജില്ല നേതൃത്വത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നില്ല. പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരാണ് ഇവിടെ നേതൃത്വം നല്‍കുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ജില്ല നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ്ബാബു ശബരിമല വിഷയത്തില്‍ റിമാന്‍ഡിലായിട്ടും അത് ‘ഉപയോഗിക്കാനായില്ല’. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് കാരണമെന്നും ആര്‍.എസ്.എസ് കണ്ടെത്തി.
വി. മുരളീധരന്‍ വിഭാഗക്കാരായ ചില നേതാക്കള്‍ കോഴിക്കോട്ട് സജീവമല്ല. കോട്ടയത്ത് പി.സി. തോമസിനുവേണ്ടി സംഘടന പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2004 ലെപ്പോലെ അത്ഭുതത്തിന് സാധ്യത കുറവാണ്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ പ്രവര്‍ത്തനം പോരെന്ന അഭിപ്രായവും ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്.
കേരളത്തില്‍ മുഖ്യ എതിരാളി സി.പി.ഐ.എമ്മാണെന്നും ആര്‍.എസ്.എസ് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ ശബരിമല വിഷയം മാത്രം ഉണ്ടാവുന്ന തരത്തിലേക്ക് പ്രചാരണം മുന്നോട്ടുകൊണ്ടുപോകണമെന്നും ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരാണായുധമാക്കരുതെന്ന് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ബി.ജെ.പി നേതാക്കള്‍ പാലിക്കുന്നില്ല. ഇത് തുടരാന്‍ ബി.ജെ.പിയെ അനുവദിക്കുന്നതാണ് ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശവും.