ഹൈദരാബാദ്: തെലങ്കാനയിലൂടെ ദക്ഷിണേന്ത്യ പിടിക്കാമെന്നത് ബി.ജെ.പിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് ഭാരത രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവും ദേശീയ വക്താവുമായ ദസോജു ശ്രവണ്‍. ദക്ഷിണേന്ത്യയിലേക്ക് കടക്കാനുള്ള കവാടമാണ് തെലങ്കാനയെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പി വിട്ട് ബി.ആര്‍.എസിലേക്ക് വന്ന നേതാവാണ് അദ്ദേഹം.
‘മതസൗഹാര്‍ദത്തിന്റെ പ്രതീകമായ ഗംഗാ യമുന തഹ്സീബിന്റെ പേരിലാണ് തെലങ്കാന അറിയപ്പെടുന്നത്. ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിനെ തകര്‍ക്കാനും വര്‍ഗീയത കൊണ്ടുവരാനുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
ദക്ഷിണേന്ത്യ ബി.ജെ.പിയെ നിര്‍ദയം തള്ളിയതാണെന്നും ബി.ജെ.പിക്ക് ഇവിടുത്തുകാരെ മനസിലാക്കാനാകില്ല. അവര്‍ക്കിവിടെ കാല്‍പാടുകളൊന്നും ശേഷിക്കുന്നില്ല. ഇവിടുത്തെ സംസ്‌കാരം, പാരമ്പര്യം, പൊതുവിഷയങ്ങള്‍ ഒന്നും മനസിലായിട്ടില്ല.
വൃത്തിയായി ആകെയറിയാവുന്നത് ആളുകളെ പ്രകോപിപ്പിക്കലാണ്. ഇവിടുത്തെ പാരമ്പര്യമെന്ന രീതിയില്‍ പല കോപ്രായങ്ങളും അവര്‍ കാണിക്കും,’ ശ്രവണ്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ തെലങ്കാനയില്‍ വന്ന് ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയാലും അവര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ബി.ആര്‍.എസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പിക്ക് തെലങ്കാനയില്‍ മൂന്ന് സീറ്റ് ഉണ്ട്. എന്നാല്‍ അവരുടെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിലവില്‍ മുപ്പത് ഗ്രൂപ്പുകളെങ്കിലും കാണും.
ആര് വന്നാലും അവര്‍ക്ക് നിലവിലെ മൂന്ന് സീറ്റും നഷ്ടമാകും. അവര്‍ കൂടുതല്‍ താഴേക്ക് പോകും. തെലങ്കാനക്കാര്‍ അവരെ ചവിട്ടി പുറത്താക്കും,’ ശ്രവണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: bjp don’t know south india, they are day dreaming:Dasoju Sravan