മാണ്ഡ്യ: കര്‍ണാട തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസെന്നും പാര്‍ട്ടി നേതാവ് ദിവ്യ സ്പന്ദന. മോദിയെയും ട്രംപിനെയും പോലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് കഴിയുമെന്നും ദിവ്യസ്പന്ദന പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദി മന്‍മോഹന്‍ സിങ്ങിനെതിരെയും അഹമ്മദ് പട്ടേലിനെതിരെയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ദിവ്യസ്പന്ദന പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന് പാകിസ്ഥാനുമായി കൂട്ടുകെട്ടുണ്ടെന്നാണ് മോദി പ്രസംഗിച്ചതെന്നും ഒരടിസ്ഥാനവുമില്ലാതെയാണ് ഇതെന്നും അവര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പി വാട്‌സ്ആപ്പ് അടക്കം ഉപയോഗിച്ച് പ്രചരണം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്ത പരത്തുമ്പോള്‍ എന്താണ് ചെയ്യുകയെന്നും ബി.ജെ.പിക്ക് ഇനി വാട്‌സ്ആപ്പോ ട്വിറ്ററോ വേണ്ടെന്നും സ്പന്ദന പറഞ്ഞു.
മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ എം.പിയായ ദിവ്യ സ്പന്ദന കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയുള്ള നേതാവാണ്. കര്‍ണാടക മെയ് 12ന് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ദിവ്യസ്പന്ദനയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ തന്ത്രങ്ങള്‍ മെനയുക.