| Monday, 26th November 2018, 1:51 pm

രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ല: കേന്ദ്രമന്ത്രി ഉമാ ഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഉമാ ഭാരതി. അയോധ്യ സന്ദര്‍ശിക്കാനുള്ള ഉദ്ധവ് താക്കെറെയുടെ നിലപാടിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.

രാമക്ഷേത്രം എന്ന് പറയുന്നത് ബി.ജെ.പിയുടെ മാത്രം കുത്തകയല്ല. രാമന്‍ എല്ലാവരുടേതുമാണ്.- ഉമാ ഭാരതി പറഞ്ഞു. രാമക്ഷേത്രം എന്നത് തന്റെ സ്വപ്‌നമാണെന്ന് നേരത്തെ ഉമാഭാരതി പറഞ്ഞിരുന്നു.

യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എം.എല്‍.എ സുരേന്ദ്ര സിങ്ങും ശിവസേനയുടെ അയോധ്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ അയോധ്യ അജണ്ടയെ ശിവസേന ഹൈജാക്ക് ചെയ്യുകയാണ് എന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം.


പി.കെ ശശി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍


ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഉമാ ഭാരതി രംഗത്തെത്തിയത്. അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് നേടാനുള്ള വെറും ഉപാധിയായി ബി.ജെ.പി രാമക്ഷേത്രത്തെ മാറ്റുകയാണ് എന്നായിരുന്നു എസ്.പിയും ബി.എസ്.പിയും ആരോപിച്ചത്. മറ്റ് വലിയ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കാര്യം മാത്രമാണ് രാമക്ഷേത്ര നിര്‍മാണം എന്നായിരുന്നു എസ്.പിയും ബി.എസ്.പിയും വിമര്‍ശിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രതികരിച്ചിരുന്നു. രാമക്ഷേത്രനിര്‍മ്മാണം സുപ്രീംകോടതിയുടെ പ്രഥമ പരിഗണനയില്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2019 തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെയാണ് വീണ്ടും രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തി ആര്‍.എസ്.എസും ബി.ജെ.പിയും രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more