ബി.ജെ.പിയ്ക്ക് രാമക്ഷേത്രം പണിയണമെന്നില്ല; അവരുടെ ഉദ്ദേശം വേറെയാണ്: ആചാര്യ പ്രമോദ് കൃഷ്ണന്‍
ലഖ്‌നൗ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലഖ്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണന്‍.
താന്‍ ഒരിക്കലും ബി.ജെ.പിയെ പോലെയാകില്ലെന്നും മതത്തിന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കുന്ന അവര്‍ അധികാരത്തിലെത്തുന്നതോടെ മതത്തെ മറക്കുകയാണെന്നും രാജ്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളം മാത്രം പറഞ്ഞ് അധികാരത്തില്‍ തുടരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ബാലാകോട്ട് ആക്രമണത്തിന്റെ കാര്യം തന്നെ എടുക്കാം. അത് നടത്തിയത് മോദിയല്ല അത് നടത്തിയത് നമ്മുടെ സൈന്യമാണ്. എന്നാല്‍ പാക്കിസ്ഥാന്റെ പേര് പറഞ്ഞ് ബി.ജെ.പി അതിനെ രാഷ്ട്രീയവത്ക്കരിച്ചു.
രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ പോലും ബി.ജെ.പിക്ക് മോശം ലക്ഷ്യമാണ് ഉള്ളത്. അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നില്ല. രാമക്ഷേത്രം പണിയുന്നത് വരെ അതും പറഞ്ഞ് വോട്ട് പിടിക്കാം. ആളുകളെ പറ്റിക്കാം.
രാമക്ഷേത്രം നിര്‍മിക്കണമെങ്കില്‍ അവര്‍ക്ക് വളരെ നിസാരമായി ഒരു ഓഡിനന്‍സ് കൊണ്ടുവരാം. കോണ്‍ഗ്രസിന് അതിനെ എതിര്‍ക്കാനാവില്ല. പിന്നെ എന്തുകൊണ്ടാണ് അവര്‍ അതിന് തയ്യാറാകാത്തതെന്നും ആചാര്യ പ്രമോദ് കൃഷ്ണന്‍ ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസില്‍ വിജയിക്കും. മോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കില്ല. ജനങ്ങള്‍ അതിന് അനുവദിക്കില്ലെന്നും പ്രമോദ് കൃഷ്ണന്‍ പറഞ്ഞു.