| Monday, 7th September 2020, 9:13 pm

മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ ബി.ജെപി അനുകൂലിക്കുന്നില്ലെന്ന് ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടി കങ്കണ റണൗത്ത് മുംബൈയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് നിയമ സംവിധാനമുള്ള മണ്ണില്‍ സംരക്ഷണം നല്‍കുമെന്നും കങ്കണ ഇപ്പോഴും ഒരു കലാകാരിയാണെന്നുമാണ് ഫഡ്‌നാവിസ് പറഞ്ഞത്.

‘ ഒരു വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ കങ്കണ റണൗത്ത് പറഞ്ഞതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇത് (കങ്കണയെ സംരക്ഷിക്കേണ്ടത്) സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കാരണം നമ്മള്‍ ഒരു ബനാന റിപബ്ലിക്കിലല്ല കഴിയുന്നത്,’ ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയ്‌ക്കെതിരെ സംസാരിച്ച കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശിവസേന വിമര്‍ശിച്ചതിനു പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ്് ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുെട സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേനയില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനം വരുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെയും പ്രതികരണം.

നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണത്തിന് മറുപടി നല്‍കവെയായിരുന്നു കങ്കണയുടെ ഈ പരാമര്‍ശം.

സജ്ജയ് റാവത്ത് തന്നെ ഭീഷണിപ്പെടുത്തുന്നെന്നും മുബൈ പാക് അധിനിവേശ കശ്മീര്‍ പോലെ തോന്നുന്നെന്നുമായിരുന്നു കങ്കണയുടെ വിമര്‍ശനം.

ഇതിനും സജ്ഞയ് റാവത്ത് മറുപടി നല്‍കിയിരുന്നു. ‘തിന്നുന്ന പാത്രത്തില്‍ തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവര്‍ ഒരു മെന്റല്‍ കേസാണ്. അവരെ പിന്താങ്ങാന്‍ കുറച്ച് രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്’- സഞ്ജയ് പറഞ്ഞു.

എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more