| Tuesday, 25th April 2023, 8:28 am

ബി.ജെ.പിക്ക് മുസ്‌ലിം വോട്ടുകള്‍ വേണ്ട; ദേശീയവാദികളായ മുസ്‌ലിങ്ങള്‍ വോട്ട് ചെയ്യും: ഈശ്വരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുസ്‌ലിം വോട്ടുകള്‍ ആവശ്യമില്ലെന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.എസ്. ഈശ്വരപ്പ. മെയ് 10ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ശിവമോഗ നഗരത്തിലെ 60,000ത്തോളം വരുന്ന മുസ്‌ലിം ജനങ്ങളോട് വോട്ട് തേടേണ്ടെന്ന് ഈശ്വരപ്പ പറഞ്ഞു.

ശിവമോഗയില്‍ വെച്ച് നടന്ന വീരശൈവ-ലിംഗായത്ത് സമുദായത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഭരണത്തില്‍ ലഭിച്ച ഗുണങ്ങളെക്കുറിച്ച് നമുക്ക് എല്ലാ സമുദായത്തില്‍ പെട്ടവരോടും സംസാരിക്കാം. എല്ലാ സമുദായത്തിനും ഗുണങ്ങളുണ്ടായിട്ടുണ്ട്. ഈ നഗരത്തില്‍ ഏകദേശം 60000ത്തിലധികം മുസ്‌ലിങ്ങളുണ്ട്. നമുക്ക് അവരുടെ വോട്ടുകള്‍ വേണ്ട.

ആവശ്യമുള്ളപ്പോഴെല്ലാം നമ്മുടെ സഹായങ്ങള്‍ തേടിയ, നമുക്ക് വോട്ട് ചെയ്ത മുസ്‌ലിങ്ങളുമുണ്ട്. ദേശീയവാദികളായ മുസ്‌ലിങ്ങള്‍ നമുക്ക് വോട്ട് ചെയ്യും,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സുരക്ഷിതരായിരിക്കില്ലെന്ന തോന്നലാണ് പൊതുജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി ഭരണത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നു. ഹിന്ദുക്കളെ അക്രമിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും ബി.ജെ.പി ഇതര സര്‍ക്കാര്‍ ആണ് അധികാരത്തില്‍ വരുന്നതെങ്കില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കുണ്ട്,’ ഈശ്വരപ്പ പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വീരശൈവ-ലിംഗായത്തുകളോട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍ ലിംഗായത്ത് സമുദായത്തിലുള്‍പ്പെട്ട പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ ബി.ജെ.പി വിട്ട് തങ്ങളുടെ പാളയത്തിലെത്തിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

മെയ് 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

content highlight: bjp does not want muslim votes: easwarappa

We use cookies to give you the best possible experience. Learn more