പൂരത്തിന് എത്തിയത് ആംബുലൻസിൽ തന്നെ;​ സുരേഷ് ഗോപിയുടെ വാദം തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ്
Kerala News
പൂരത്തിന് എത്തിയത് ആംബുലൻസിൽ തന്നെ;​ സുരേഷ് ഗോപിയുടെ വാദം തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 10:59 pm

തൃശ്ശൂർ: പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ല എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ.

സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ എത്തിയത് തന്റെ കാറിലാണെന്നും പിന്നീട് സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ് എന്നും അനീഷ് പറഞ്ഞു.

സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൂരനഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ ചേലക്കരയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞത്. ബി.ജെ.പി ജില്ലാ അധ്യക്ഷൻ്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കെ സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്പിൽ എത്തിയത് ആംബുലൻസിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Content Highlight: BJP district president rejected Suresh Gopi’s argument that he reached Pooram in an ambulance