പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ സംഭവിച്ച സമാന വീഴ്ച ഇവിടെയും പൊലീസ് ആവര്‍ത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ശ്രീനിവാസന് അതിഗുരുതരമായി വെട്ടേറ്റിരുന്നു. രക്തം വാര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങയതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ കൊലപാതകത്തിന് ഉത്തരവാദികള്‍ എസ്.ഡി.പി.ഐയാണ്.
ഇന്നലെ പ്രാദേശികമായി നടന്ന ഒരു സംഘര്‍ഷം ജില്ലയില്‍ തന്നെയാകെ വ്യാപിപ്പിക്കുന്ന ആസൂത്രിതമായ ശ്രമമാണ് എസ്.ഡി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍. മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കൈയ്ക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റിരുന്നു. ഇന്നലെ എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ നേതാവുമായ സുബൈര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ മാസങ്ങളായി വര്‍ക് ഷോപ്പിലാണെന്നും ആര് കൊണ്ടുപോയെന്നോ എന്തിന് കൊണ്ടുപോയെന്നോ അറിയില്ലെന്ന്സഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചിരുന്നു.