വോട്ടര്‍മാര്‍ക്ക് രാത്രിയില്‍ ഹവാല പണം വിതരണം ചെയ്യുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മമത ബാനര്‍ജി
D' Election 2019
വോട്ടര്‍മാര്‍ക്ക് രാത്രിയില്‍ ഹവാല പണം വിതരണം ചെയ്യുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 8:18 pm

കൊല്‍ക്കത്ത: ഹവാല ഇടപാടുകള്‍ വഴി സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനോ വിജിലന്‍സോ അന്വേഷണം നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

‘പ്രചാരണം അവസാനിച്ചതിന് ശേഷം രാത്രിയിലാണ് ബി.ജെ.പി ഇത് ചെയ്യുന്നത്. എന്‍ഫോഴ്‌സിങ് ഏജന്‍സികളൊന്നും തന്നെ ഇതില്‍ നടപടിയെടുക്കുന്നില്ലെന്ന് ആശ്ചര്യപ്പെടുത്തുന്നു’- അശോക്‌നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മമത പറഞ്ഞു.

സംസ്ഥാനത്തെ ഒരു ബി.ജെ.പി സ്ഥാനാര്‍ഥിയെ കോടിക്കണക്കിന് രൂപയോടൊപ്പം കൈയ്യോടെ പിടികൂടിയതായും മമത പറഞ്ഞു. ബി.ജെ.പിയിലേക്ക് ആളെ കൂട്ടാനായി കോണ്‍ട്രാക്റ്റര്‍മാരെ നിയമിക്കുന്നതായും, ഇവര്‍ വഴിയാണ് പണം കൈമാറുന്നതെന്നും മമത ആരോപിച്ചു.

‘നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശത്തിന്റെ ഏഴയലത്തു പോലും മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ല, അതെന്തു കൊണ്ടാണ്’- മമത ചോദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

നരേന്ദ്ര മോദി വ്യാപകമായ പ്രചാരണമായിരുന്നു ബംഗാളില്‍ നടത്തിയത്. ഈ വര്‍ഷം ബംഗാളില്‍ 23 സീറ്റുകള്‍ പിടിക്കുമെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വാദം. എന്നാല്‍ മോദിയുടെ സാന്നിധ്യം 43 സീറ്റുകളും ത്രിണമൂല്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുമെന്നായിരുന്നു മമതയുടെ പ്രതികരണം.

മോദിയെ പോലെ കള്ളം പറയുന്ന ഒരു പ്രധാനമന്ത്രിയെ ത്രിണമൂലിന് കാണേണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയെ താന്‍ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞു. അതു കൊണ്ടാണ് താന്‍ മോദിയുമായി ഫോനി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്നതെന്നും, പുതിയ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞിരുന്നു.