| Sunday, 13th June 2021, 11:16 am

മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബി.ജെ.പി. നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്.

രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.

കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം.

വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ് ആരോപണം. ഇതുശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും എം.എല്‍.എ. പറഞ്ഞു. ബി.ജെ.പിയിലെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് കോഴ നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിച്ചതെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനായി ബി.എസ്.പി. സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്കും ബി.ജെ.പി. പണം നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നല്‍കിയതെന്ന് സുന്ദര നേരത്തെ സംഘത്തോട് പറഞ്ഞിരുന്നു.

അതേസമയം, കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടു.

കൊടകര വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തില്‍ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിയെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP Distribute Money To Minority People To Stop Them From Voting

We use cookies to give you the best possible experience. Learn more