| Saturday, 15th April 2023, 12:03 pm

'ബി.ജെ.പി പട്ടികജാതിക്കാരോട് വിവേചനം കാണിക്കുന്നു': കര്‍ണാടകയില്‍ മുന്‍ മന്ത്രി സോമശേഖര്‍ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ മന്ത്രി ബി. സോമശേഖര്‍ ബി.ജെ.പി പ്രാഥമിക അംഗത്വം രാജിവെച്ചു. ബി.ജെ.പി പട്ടിക ജാതി വിഭാഗങ്ങളോട് അനീതി കാണിക്കുന്നെന്നാരോപിച്ചാണ് അംബേദ്കര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച അദ്ദേഹം രാജി വെച്ചതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പട്ടികജാതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായ വിവേചനവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിക്കെതിരെ തോറ്റതിനാല്‍ മലവള്ളിയില്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം കാരണമാണോ സീറ്റ് ലഭിക്കാതിരുന്നതെന്ന ചോദ്യത്തിന് തന്നേക്കാള്‍ പ്രായമുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് 71 വയസാണ് പ്രായം. സോമണ്ണ എന്നേക്കാള്‍ പ്രായം കൂടുതലുള്ള ആളാണ്. അദ്ദേഹം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. എന്നേക്കാള്‍ പ്രായം കൂടുതലുള്ള തിപ്പറെഡ്ഡിയും മത്സരിക്കുന്നു.

സീറ്റ് നല്‍കാത്ത നേതാക്കളോട് പാര്‍ട്ടി ആ വിവരം അറിയിച്ചിരുന്നു. എന്നാല്‍ എന്നെ അറിയിച്ചില്ല. കാരണം ഞാന്‍ പട്ടികജാതിക്കാരനാണ്,’ അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന അദ്ദേഹം പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്.

നേരത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പല നേതാക്കളും ബി.ജെ.പി വിട്ടിരുന്നു.

ബി.ജെ.പി വിട്ട മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച അതാനി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹവും രാജിവെച്ചത്.

content highlight:’BJP discriminates against Scheduled Castes’: Ex-minister Somasekaran quits party in Karnataka

We use cookies to give you the best possible experience. Learn more