തുഷാറിന് വേണ്ടി ബി.ജെ.പി. കാര്യമായി പ്രചാരണത്തിന് ഇറങ്ങിയില്ല: ആവേശക്കുറവുണ്ടായെന്ന് ബി.ഡി.ജെ.എസ്
കല്‍പ്പറ്റ: വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണം ബി.ജെ.പി. ആവേശത്തോടെ ഏറ്റെടുത്തില്ലെന്ന പരാതിയുമായി ബി.ഡി.ജെ.എസ്. വയനാട് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി. ഇന്നലെ ചേര്‍ന്ന എന്‍.ഡി.എ. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ അവലോകനയോഗത്തിലാണ് ബി.ജെ.പിയുടെ അലംഭാവം എന്‍.കെ. ഷാജി ചൂണ്ടിക്കാട്ടിയത്. ഇടതു വലതു മുന്നണികളെപ്പോലെ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഏകോപനവും ആസൂത്രണവും താഴേത്തട്ടില്‍ എത്തിയില്ലെന്നും എൻ.കെ. ഷാജി പറഞ്ഞു.
ബി.ജെ.പി. ദേശീയ നേതാക്കൾ വയനാട്ടില്‍ പ്രചരണത്തിന് എത്താതിരുന്നത് ബി.ജെ.പി. ക്യാമ്പില്‍ ആവേശക്കുറവ് സൃഷ്ടിച്ചുവെന്നും എന്‍.കെ. ഷാജി പറയുന്നു. ഇടതു വലതു മുന്നണികള്‍ക്കായി രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തിയത് അണികളില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്കായി പ്രചാരണത്തിന് എത്തിയത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ മാത്രമാണ്.
സ്മൃതി ഇറാനി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇടതു-വലതു മുന്നണികളടങ്ങുന്ന പ്രതിപക്ഷത്തോടാണ് തുഷാര്‍ മത്സരിക്കുന്നതെന്നും അതിനാല്‍ പ്രധാനമത്സരം രാഹുല്‍ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലാണെന്നുമുള്ള പ്രചാരണമാണ് എന്‍.ഡി.എ. തുടക്കത്തിൽ പറഞ്ഞിരുന്നത്.
അതിന്റെ ചുവടു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയവരെയും വയനാട്ടില്‍ പ്രചാരണത്തിന് എത്തിക്കണമെന്ന് ബി.ഡി.ജെ.എസ്. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സജീവമാകാതിരുന്നതും ബി.ഡി.ജെ.എസില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചു.