| Tuesday, 22nd November 2016, 3:32 pm

ഫസല്‍ വധക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐ.എം പൊലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്‍മാരായ രണ്ടു ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഭരണകൂട ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.


കണ്ണൂര്‍: തലശേരിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധത്തെക്കുറിച്ച് പൊലീസ് നല്‍കിയ കസ്റ്റഡി മൊഴി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം.

മോഹനന്‍ വധക്കേസില്‍ പൊലീസ് പിടിയിലായ സുബീഷിന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി ആരോപിച്ചു. സി.പി.ഐ.എം പൊലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്‍മാരായ രണ്ടു ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഭരണകൂട ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.

മൂന്നു വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരിക്കല്‍ പോലും ആര്‍.എസ്.എസ് പങ്ക് വെളിപ്പെട്ടിട്ടില്ല. ഫസല്‍ വധത്തില്‍ പ്രതികളെന്നു തെളിഞ്ഞ സി.പി.ഐ.എം നേതാക്കളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നു ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ബി.ജെ.പി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.

എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. സി.പി.ഐ.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ. മോഹനനെ വധിച്ച കേസില്‍ പിടിയിലായ മാഹി ചെമ്പ്ര സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ സുബീഷ് സുബീഷ് പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍.എസ്.എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍.എസ്.എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരും താനുമുള്‍പ്പെടുന്നവരാണ് ഫസല്‍ വധക്കേസിന് പിന്നിലെന്നാണ് സുബീഷ് മൊഴി നല്‍കിയിരിക്കുന്നത്.

സി.പി.ഐ.എം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലൊക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനു പിന്നിലെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

2006 ഒക്ടോബര്‍ 22നാണ് തലശേരി സെയ്താര്‍ പള്ളിക്കു സമീപം മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. സി.ബി.ഐ ഈ കേസ് അന്വേഷിക്കുകയും സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more