| Thursday, 2nd May 2024, 6:41 pm

ബ്രിജ് ഭൂഷണ് സീറ്റ് നിഷേധിച്ച് ബി.ജെ.പി; പകരം മകൻ കരൺ ഭൂഷണെ മത്സരിപ്പിക്കാനൊരുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ് യു.പിയില്‍ സീറ്റ് നിഷേധിച്ച് ബി.ജെ.പി. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും.

കൈസര്‍ഗഞ്ചില്‍ മത്സരിക്കണമെന്ന ബ്രിജ് ഭൂഷന്റെ ആവശ്യം തള്ളിയാണ് മകന്‍ കരണ്‍ ഭൂഷന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് ബി.ജെ.പി ബ്രിജ് ഭൂഷണ് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ ബ്രിജ് ഭൂഷണ്‍, താന്‍ തന്നെ കൈസര്‍ഗഞ്ചില്‍ മത്സരിക്കുമെന്ന വാശിയിലായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൈസര്‍ഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എം.പി കൂടിയാണ് ബ്രിജ് ഭൂഷണ്‍.

എന്നാല്‍ വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണ്‍ സിങ് കൈസര്‍ഗഞ്ചില്‍ നേരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബ്രിജ് ഭൂഷണെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. മുന്‍കൂട്ടി അനുമതിയില്ലാതെ മണ്ഡലത്തില്‍ പ്രകടനം നടത്തിയതിനായിരുന്നു നടപടി.

അതേസമയം ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു.

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് വിജയിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 21ന് സാക്ഷി ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അടുത്ത ദിവസത്തില്‍ തന്നെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ ഉപേക്ഷിക്കുകയും വിനേഷ് ഫോഗട്ട് ഖേല്‍ രത്‌ന പുരസ്‌കാരം തിരികെ നല്‍കുകയും ചെയ്തിരുന്നു.

Content Highlight: BJP denied the seat for Brij Bhushan

We use cookies to give you the best possible experience. Learn more