| Saturday, 11th May 2019, 9:32 am

അത് ഡ്യൂപ്പ് അല്ല, ഗംഭീറിന്റെ ബാല്യകാലസുഹൃത്ത്; ന്യായീകരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈസ്റ്റ് ദല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീര്‍ റാലിയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് ബി.ജെ.പി. ഗംഭീറിന്റെ ബാല്യകാല സുഹൃത്താണ് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് ഗംഭീര്‍ കാറില്‍ ഇരുന്നതെന്നും ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.

ഗൗരവ് അറോറയെന്ന ഗൗതമിന്റെ ബാല്യകാല സുഹൃത്താണ് അത്. ഇരുവര്‍ക്കും ഇരുപത്തിയഞ്ച് കൊല്ലമായിട്ട് അറിയാമെന്നും പ്രവീണ്‍ പറഞ്ഞു. ഗൗരവിന്റെ പിതാവ് കരോള്‍ ബാഗിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും പ്രവീണ്‍ പറഞ്ഞു.

ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് അപരനെ ഉപയോഗിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വെയിലില്‍ നിന്ന് രക്ഷനേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചരണം നടത്തുന്നെന്നാണ് ചിത്രമുള്‍പ്പെടെ ട്വീറ്റു ചെയ്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശി കാട്ടുന്നതുമാണ് ചിത്രത്തിലുള്ളത്.

അതേസമയം ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും അതിനാലാണ് അവര്‍ ഫോട്ടോയെടുക്കുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വിറ്ററില്‍ വാദിക്കുന്നത്.

We use cookies to give you the best possible experience. Learn more