കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം ആര്‍.എസ്.എസിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് പറയുമ്പോഴും പ്രതികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ബി.ജെ.പി തലശ്ശേരിയില്‍
പ്രതിഷേധ പ്രകടനം നടത്തി. വന്‍ പൊലീസ് സുരക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ പ്രകടനം. വടക്കന്‍ രാമകൃഷ്ണന്‍ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം തലശ്ശേരി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിജേഷിന്റെ ജനപ്രീതിയില്‍ ഇഷ്ടപ്പെടാത്ത സി.പി.ഐ.എം നേതാക്കള്‍ അദ്ദേഹത്തെ കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുകയാണെന്നാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചു.
ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം, ഹരിദാസനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇതുവരെ ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. പൊലീസ് പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാല് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ ബി.ജെ.പി ആര്‍.എസ്.എസ് സജീവപ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒരാള്‍ ബി.ജെ.പിയുടെ വാര്‍ഡ് കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമാണ്. പിടിയിലായ മറ്റുള്ളവര്‍ ആര്‍.എസ്.എസ് ശാഖാ പ്രമുഖുമാരാണ്.
ഗൂഢാലോചനാ കുറ്റം ചുമത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും ആര്‍.എസ്.എസ് ആണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.
ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ അക്രമിസംഘം അറുത്തുമാറ്റുകയും ചെയ്തിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.
CONTENT HIGHLIGHTS: BJP demonstrates support for Haridasan murder accused; Surendran says fake case