| Wednesday, 7th December 2016, 5:12 pm

ഡിസംബര്‍ 6ന് ബി.ജെ.പി ബാബരി മസ്ജിദ് പൊളിച്ചത് അംബേദ്ക്കറെ അപമാനിക്കാനെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അംബേദ്ക്കര്‍ മുന്നോട്ടു വെച്ച  മതേതര ഭരണഘടനയില്‍ വിശ്വാസമില്ലെന്ന സന്ദേശമാണ് ബി.ജെ.പി ഇതിലൂടെ മുന്നോട്ടുവെച്ചതെന്നും മായാവതി വ്യക്തമാക്കി.


യു.പി:  അംബ്ദേദ്ക്കര്‍ ദിനമായ ഡിസംബര്‍ 6ന് ബി.ജെ.പി ബാബരി മസ്ജിദ് പൊളിച്ചത് ബാബാസാഹബ് അംബേദ്ക്കറെ അപമാനിക്കാനാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.

അംബേദ്ക്കര്‍ മുന്നോട്ടു വെച്ച  മതേതര ഭരണഘടനയില്‍ വിശ്വാസമില്ലെന്ന സന്ദേശമാണ് ബി.ജെ.പി ഇതിലൂടെ മുന്നോട്ടുവെച്ചതെന്നും മായാവതി വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യനീതി ഉറപ്പാക്കുന്ന ഭരണഘടന ബി.ജെ.പിക്ക് ദഹിക്കാത്തതാണെന്നും മായാവതി പറഞ്ഞു. ലക്‌നൗവില്‍ നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയുടെ ജാതിഗൂഢാലോചന ഒ.ബി.സി വിഭാഗം കരുതിയിരിക്കണം. ഉന്നത ജാതിയില്‍പ്പെട്ട വൈശ്യവിഭാഗക്കാരനായ മോദി എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി ആ ജാതിയെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ആളാണെന്നും മായാവതി ചൂണ്ടിക്കാട്ടി.

ദളിതര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാതിരിക്കുന്നതിനായി ബി.ജെ.പി, സര്‍ക്കാര്‍ ജോലികളെല്ലാം സ്വകാര്യ മേഖലയ്ക്ക് മറിച്ചുകൊടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതിരുന്ന കോണ്‍ഗ്രസിനെയും മായാവതി വിമര്‍ശിച്ചു. ദീര്‍ഘകകാലം ഭരണത്തിലിരുന്നിട്ടും പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സഹായകമാകുമായിരുന്ന നടപടികള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയും കോണ്‍ഗ്രസും ഒരേപോലെ മതേതരത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരാണെന്നും അംബേദ്ക്കര്‍ വിരുദ്ധരാണെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more