|

'റോസാപ്പൂ' പിന്‍വലിക്കണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള ചിഹ്നം നല്‍കിയെന്ന് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ബി.ജെ.പി അപരന്മാര്‍ക്ക് താമരയുമായി സാമ്യമുള്ള ചിഹ്നം നല്‍കിയെന്നാണ് ആരോപണം.

സി.പി.ഐ.എം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അട്ടിമറിനീക്കത്തിന് ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അപരന്മാര്‍ക്ക് റോസാപ്പൂവാണ് ചിഹ്നമായി നല്‍കിയത്. ഈ ചിഹ്നം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്കാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

അതേസമയം എല്‍.ഡി.എഫിന് പകരം യു.ഡി.എഫ് എന്ന സ്ഥിതി ഇത്തവണത്തോടെ മാറുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇത് മറച്ച് വെക്കാനുള്ള പാഴ്ശ്രമമാണ് കേന്ദ്ര ഏജന്‍സി വിരുദ്ധ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അതുമതിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സി.എ.ജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യമായ അറിവുള്ളവര്‍ പോലും ബാലിശമായ ഇത്തരം വാദം ഉന്നയിക്കില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.

”സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍, മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നതും അപഹാസ്യമായ വാദങ്ങള്‍ ഉന്നയിക്കുന്നതും മുഖ്യമന്ത്രി കസേരയ്ക്ക് ചേര്‍ന്ന പണിയല്ല.

തോമസ് ഐസക് കിഫ്ബിയുടെ മേല്‍ അഴിമതി നടത്തിയെന്നത് അന്വേഷിച്ചാല്‍ വ്യക്തമാകും. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍.

സി.എ.ജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത് എന്നുള്ളതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP demands to withdraw the electoral symbol related to ‘LOTUS’

Latest Stories