തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സര രംഗത്തിറക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം.
സാമുദായിക വോട്ടുകള്‍ ഉറപ്പിക്കാന്‍ തുഷാര്‍ നിന്നാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ മത്സരത്തിന് താനില്ലെന്നാണ് തുഷാറിന്റെ നിലപാട്.
മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെള്ളാപ്പള്ളി പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിര്‍ദ്ദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി.പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്‍ എന്നീ പേരുകളാണ് പരിഗണനയില്‍. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.
അതേസമയം തുഷാര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായാല്‍ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു.
സാമുദായിക ഘടകങ്ങളുടെ പിന്തുണയോടെ കുട്ടനാട്ടില്‍ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. 2016ല്‍ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സുഭാഷ് വാസു നേടിയ മുന്നേറ്റം പാര്‍ട്ടിയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
അതേസമയം, ബി.ഡി.ജെ.എസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു അടുത്തദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മത്സര രംഗത്തിറങ്ങാന്‍ സാധ്യതയുള്ളതായി സൂചനകളുണ്ട്. അദ്ദേഹം തയ്യാറല്ലെങ്കില്‍ സുഭാഷ് വാസുവിനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
അതേസമയം ബി.ഡി.ജെ.എസിനുള്ളിലെ പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കണമെന്നാണ് ബി.ജെ.പി നിലപാട്. പ്രശ്‌ന പരിഹാരത്തിനായി ചില നിര്‍ദ്ദേശങ്ങളും പാര്‍ട്ടി മുന്നോട്ട് വെച്ചതായാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക