സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും കഴിഞ്ഞദിവസമാണു മനുഷ്യരുടെ എട്ട് തലയോട്ടികളും എല്ലുകളും കണ്ടെത്തിയത്. തോംബിസാന ഹയര്‍ സെക്കന്ററി സ്‌കൂളിലെ കോമ്പൗണ്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. മണിപ്പൂര്‍ നിയമസഭ സമുച്ചയത്തിനു സമീപമാണ് ഈ സ്‌കൂള്‍. സ്‌കൂള്‍ കോമ്പൗണ്ടില്‍ നേരത്തെ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, പോലീസ് ക്യാമ്പുകള്‍ ഉണ്ടായിരുന്നു.
അധികൃതരുടെ മൂക്കിനു താഴെ ആര്‍ക്കാണ് ശരീരം മറവുചെയ്യാന്‍ കഴിയുകയെന്ന് തൗനോജന്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാറില്‍ പാര്‍ട്ടിക്ക് യാതൊരു വിശ്വാസവുില്ല. അവരെയാണ് പ്രധാനമായും സംശയിക്കുന്നതും. അതിനാല്‍ ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1980കളില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായ ഘട്ടത്തില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ക്യാമ്പായി ഉപയോഗിച്ച സ്‌കൂള്‍ കോംപ്ലക്‌സില്‍ കെട്ടിടം നിര്‍മാണത്തിനായി മണ്ണ് നീക്കിയപ്പോഴാണ് തലയോട്ടികളും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. തോംബിസാന ഹൈസ്‌കൂള്‍ കോംപ്ലക്‌സില്‍ നിന്ന് ഈ മാസം 26ന് ഒരു തലയോട്ടി കണ്ടെടുത്തതോടെ തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1980-1999 കാലത്തിനിടക്ക് നിരവധി പേര്‍ വ്യാജ ഏറ്റുമുട്ടകളിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്. സൈനികര്‍ പിടിച്ചുകൊണ്ടുപോയ ശേഷം കാണാതായ യുവാക്കളും നിരവധിയാണ്. ഇവരുടെ തലയോട്ടികളായിരിക്കാം ഇവയെന്നും കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനിടയുണ്ടെന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.എന്‍.എ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്തുനിന്നും വളകള്‍ കണ്ടെത്തിയത് കൊല്ലപ്പെട്ടത് സ്ത്രീകളാവാമെന്ന സംശയമുയര്‍ത്തിയിട്ടുണ്ട്. 17നും 40 ഇടയില്‍ പ്രായമുള്ളവരുടെ തലയോട്ടികളാണിതെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കാനായത്. 1970-1980നും ഇടയില്‍ കാണാതായവരെല്ലാം ഈ പ്രായത്തിനിടെയുള്ളവരാണ്.