|

പാമ്പന്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മോദിക്കൊപ്പം പങ്കെടുത്തില്ല; സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ബി.ജെ.പി. പ്രധാനമന്ത്രിയെ അപമാനിച്ച സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അണ്ണാമലൈ പ്രതികരിച്ചു. മണ്ഡല പുനര്‍നിര്‍ണയ യോഗത്തെ നാടകം എന്ന് വിശേഷിപ്പിച്ചായിരുന്നു അണ്ണാമലൈയുടെ വിമര്‍ശനം.

‘മുഖ്യമന്ത്രി പറഞ്ഞ കാരണം സ്വീകാര്യമല്ല. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ശ്രീലങ്കയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാതെ തമിഴ്‌നാട്ടിലേക്കാണ് പ്രധാനമന്ത്രി എത്തിയത്. അപ്പോള്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ പ്രാഥമിക കടമ,’ അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി രാമേശ്വരത്തെ പുതിയ പാമ്പന്‍പാലം ഉദ്ഘാടനം ചെയ്തു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിവരം പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സ്റ്റാലിന്‍ പറയുന്നത്. പകരം മന്ത്രിമാരായ തങ്കം തെന്നരസുവിനെയും രാജ കണ്ണപ്പനെയും പരിപാടിയില്‍ പങ്കെടുക്കാന്‍ നിയോഗിച്ചിരുന്നുവെന്നും സ്റ്റാലിന്‍ അറിയിച്ചു.

പാമ്പന്‍പാലത്തിന്റെ ഉദ്ഘാടന സമയം മുഖ്യമന്ത്രി ഊട്ടിയിലെ ഉദഗമണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.കെ. സ്റ്റാലിനെതിരെ രംഗത്തെത്തിയത്.

1911ല്‍ ആരംഭിച്ച രാമേശ്വരത്തെ പഴയ പാമ്പന്‍പാലത്തിന്റെ നിര്‍മാണം 1914ലാണ് പൂര്‍ത്തിയായത്. എന്നാല്‍ 1964ല്‍ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റില്‍ ഈ പാലം തകര്‍ന്നു. പിന്നീട് ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള എന്‍ജിനിയറിങ് സംഘമാണ് പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിലര്‍ ഒരു കാര്യവുമില്ലാതെ കരയുമെന്നാണ് മോദി പറഞ്ഞത്. തമിഴ്നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്നാടിനെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ മറുപടി.

Content Highlight: BJP demands apology from Stalin for not attending Pamban Bridge inauguration ceremony with Modi