മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി; യോഗം ഭരണഘടനാ വിരുദ്ധമെന്ന് ആരോപണം
CAA Protest
മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി; യോഗം ഭരണഘടനാ വിരുദ്ധമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 11:41 am

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.

മുഖ്യമന്ത്രിക്ക് ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ലെന്നു യോഗത്തില്‍ നിന്നിറങ്ങിയ ശേഷം ബി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു. ഗവര്‍ണറെ ആക്രമിച്ച വിഷയത്തിലും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കു നേരെയുണ്ടായ പ്രതിഷേധത്തിലും പ്രമേയങ്ങള്‍ പാസ്സാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടാന്‍ കേരളാ സര്‍ക്കാരിന് അധികാരമില്ല. ഇപ്പോള്‍ ചെയ്തതു ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതുപോലെ ഇതുപോലൊരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കാന്‍ പാടില്ലാത്തതാണ്. അതു ജനാധിപത്യ വിരുദ്ധമാണ്. യോഗം ചേരരുത്, അതു പിരിച്ചുവിടണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനുപകരം കേരളാ ഗവര്‍ണറെ ആക്രമിച്ചതിലും കര്‍ണാടക മുഖ്യമന്ത്രിയെ ആക്രമിച്ചതിലും മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ ആലുവ ഗസ്റ്റ് ഹൗസില്‍ അപമാനിക്കാന്‍ ശ്രമിച്ചതിലുമുള്ള പ്രമേയങ്ങള്‍ പാസ്സാക്കി പിരിയണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതംഗീകരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറായില്ല.

പൊതു ഖജനാവില്‍ നിന്നു പണമെടുത്താണോ സമരം ചെയ്യുന്നത്? ഒരു കാരണവശാലും അംഗീകരിക്കാനും കൂട്ടുനില്‍ക്കാനും കഴിയില്ല,’ എം.എസ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ യു.ഡി.എഫ് സി.പി.ഐ.എമ്മിന്റെ ‘ബി’ ടീമായി പോകുന്നുണ്ടെന്ന് പദ്മകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ എതിര്‍സ്വരമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.