| Sunday, 20th March 2022, 4:18 pm

പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര്; വിജയിച്ച നാല് സംസ്ഥാനത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ വിജയിച്ചിട്ടും ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് കാരണം ഇതുവരെ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന് പഞ്ചാബ് എ.എ.പി എം.എല്‍.എമാരെ അഭിസംബോധന ചെയ്യവെ കെജ്‌രിവാള്‍ പറഞ്ഞു.

എ.എ.പി എം.എല്‍.എമാര്‍ സമയം കളയാതെ ഉടന്‍തന്നെ പഞ്ചാബ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സര്‍ക്കാര്‍ രൂപീകരിച്ചെന്നും പഞ്ചാബില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇത്രയും ദിവസം കഴിഞ്ഞിട്ടും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ എന്ത് ചെയ്യുകയാണെന്നും അദ്ദേഹം ചോദിച്ചു. നാല് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അണികള്‍ക്കിടയിലെ ചേരിപ്പോര് കൈകാര്യം ചെയ്യുന്ന തിരക്കിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ 117 സീറ്റില്‍ 97 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്.

ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും 255 സീറ്റുകളാണ് നേടിയത്. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 47 സീറ്റും പാര്‍ട്ടി നേടി. ഗോവയില്‍ 40ല്‍ 20 സീറ്റും ബി.ജെ.പി നേടി. മണിപ്പൂരില്‍ ഭരണകക്ഷിയായ ബി.ജെ.പി സഖ്യം 60ല്‍ 31 സീറ്റും നേടി.

Content Highlights: BJP delaying government formation in four states due to infighting: AAP chief Arvind Kejriwal

We use cookies to give you the best possible experience. Learn more