ന്യൂദല്‍ഹി: ബി.ബി.സി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ ന്യായീകരിച്ച് ബി.ജെ.പി. ബി.ബി.സി ഇന്ത്യക്കെതിരെ നടത്തുന്നത് വിഷം വമിപ്പിക്കുന്ന റിപ്പോര്‍ട്ടിങ്ങാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. മുംബൈയിലും ദല്‍ഹിയിലുമുള്ള ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് റെയ്ഡിനെ ന്യായീകരിച്ച് അദ്ദേഹം സംസാരിച്ചത്.
സര്‍ക്കാര്‍ ഏജന്‍സികളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബി.ബി.സിയെന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നത്. കോണ്‍ഗ്രസിനും ബി.ബിസിക്കും ഒരേ അജണ്ടയാണ്. ആദായ നികുതി വകുപ്പിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ കൂട്ടിലടക്കപ്പെട്ട തത്തയല്ല.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ബി.ബി.സി നിരോധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന കളങ്കവും കറുത്തതുമായ ചരിത്രമാണ് ബി.ബി.സിക്കുള്ളത്. അവര്‍ തീവ്രവാദിയെ യുവ കരിസ്മാറ്റിക് സൈനികനെന്നും ഹോളിയെ വൃത്തിക്കെട്ട ഉത്സവമെന്നും വിളിച്ചു. ഈ സ്ഥാപനം ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോകം മുന്നോട്ട് പോകുമ്പോള്‍ ചില ശക്തികള്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. രാജ്യത്തിന്റെ ഈ ഉയര്‍ച്ചയില്‍ പ്രതിപക്ഷത്തിനും രാഹുല്‍ ഗാന്ധിക്കും ഇഷ്ടക്കേടുണ്ട്. മോദിയോടുള്ള വെറുപ്പ് മൂലം നിങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പോലും രാഷ്ട്രീയവല്‍കരിക്കുന്നു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പോലെയുള്ള ഭരണ ഘടന സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നു,’ ഭാട്ടിയ പറഞ്ഞു.
ഇതിനിടെ ബി.ബി.സി. ഓഫീസുകളില്‍ റെയ്ഡല്ല സര്‍വേയാണ് നടത്തിയതെന്ന് വിശദീകരിച്ചുകൊണ്ട് ആദായനികുതി വകുപ്പ് രംഗത്തെത്തി. ‘ട്രാന്‍സ്ഫര്‍ പ്രൈസിങ് നിയമങ്ങള്‍ ബി.ബി.സി. ബോധപൂര്‍വം പാലിക്കാത്തതും ലാഭത്തിലെ തിരിച്ചടവ് സംബന്ധിച്ച വീഴ്ചയും’ ആണ് ‘സര്‍വേ’യിലേക്ക് നയിച്ചതെന്ന് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റെയ്ഡിന്റെ സ്വഭാവത്തിലുള്ളതല്ല ഇപ്പോഴത്തെ നടപടിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു.
Content Highlight: BJP defends income tax department raid on BBC offices