പ്രചരണത്തിനായി ദേശീയ നേതാക്കള്‍, ഹെലികോപ്ടറില്‍ പറന്നിറങ്ങി എന്‍ട്രി; എന്നിട്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി
Kerala Election 2021
പ്രചരണത്തിനായി ദേശീയ നേതാക്കള്‍, ഹെലികോപ്ടറില്‍ പറന്നിറങ്ങി എന്‍ട്രി; എന്നിട്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 9:25 am

കാസര്‍കോട്: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവാത കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബി.ജെ.പി. രണ്ട് മണ്ഡലത്തില്‍ മത്സരിച്ചിട്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടതും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വന്‍ സന്നാഹമായിരുന്നു കെ.സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയത്. ഹെലികോപ്ടറിലെത്തിയും കര്‍ണ്ണാടകയിലെ ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ചും അദ്ദേഹം പ്രചരണം ശക്തമാക്കിയിരുന്നതാണ്.

കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് കെ.സുരേന്ദ്രന്‍ മത്സരിച്ചത്. അവസാനനിമിഷമാണ് കോന്നിക്കു പുറമേ മഞ്ചേശ്വരത്തും സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ രണ്ടിടത്തും വിജയക്കൊടി പാറിക്കാന്‍ അദ്ദേഹത്തിനായില്ല.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പ്രചാരണത്തിനെത്തിയത്. ഹെലികോപ്ടറിലെത്തിയ സുരേന്ദ്രന്റെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷമാക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

കര്‍ണ്ണാടകയില്‍ നിന്നുള്ള മന്ത്രിമാരുടെ സാന്നിദ്ധ്യമായിരുന്നു സുരേന്ദ്രന്റെ പ്രചരണത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇവരുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ്-ബി.ജെ.പി സംഘം മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ സംഘ് പ്രവര്‍ത്തകരായിരുന്നു മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയത്.

പ്രചാരണത്തിന് ശേഷം സുരേന്ദ്രന് ജയിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇവര്‍ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ചെറിയ വോട്ടിനു പരാജയപ്പെട്ടത് ദേശീയ നേതാക്കളെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.

കോന്നിയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നേമത്ത് മുമ്പുണ്ടായിരുന്ന ബി.ജെ.പി അക്കൗണ്ട് പൂട്ടിയതും പാര്‍ട്ടിയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP Defeat In Kerala Election 2021