| Saturday, 29th January 2022, 9:27 am

2019-2020 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രാഷ്ട്രീയപാര്‍ട്ടി ബി.ജെ.പി; ഏറ്റവും കടബാധ്യത കോണ്‍ഗ്രസിന്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ബി.ജെ.പിക്ക്. 4847.78 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോം (Association for Democratic Reforms – ADR) വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബി.ജെ.പി വെളിപ്പെടുത്തിയ സ്വത്ത്വുവിവര കണക്കുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ദേശീയ തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ സ്വത്തില്‍ 70 ശതമാനവും ബി.ജെ.പിക്കാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്തിയുടെ കാര്യത്തില്‍ ബി.ജെ.പിക്ക് പിന്നാലെ ബി.എസ്.പിയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 698.33 കോടി രൂപയുടെ സ്വത്തുക്കളാണ് ബി.എസ്.പിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 588.16 കോടി രൂപയുടെതും.

2019-2020 സാമ്പത്തിക വര്‍ഷത്തില്‍, ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആസ്തി വിവരങ്ങളടങ്ങിയതാണ് റിപ്പോര്‍ട്ട്. ഏഴ് ദേശീയ പാര്‍ട്ടികളുടെ സ്വത്ത് 6988.57 രൂപ വിലമതിക്കുന്നതും 44 പ്രാദേശിക പാര്‍ട്ടികളുടെ സ്വത്ത് 2129.38 കോടി രൂപയുടെതുമാണെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്കാണ് (563.47 കോടി). തെലങ്കാന രാഷ്ട്രസമിതി (301.47 കോടി), അണ്ണാ ഡി.എം.കെ (267.61 കോടി) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

2019-2020 വര്‍ഷം ഏറ്റവും കൂടുതല്‍ കടബാധ്യത രേഖപ്പെടുത്തിയിട്ടുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. 49.55 കോടി രൂപയുടെ ബാധ്യതയാണ് കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 11.32 കോടി രൂപയുടെ ബാധ്യതയുമായി തൃണമൂല്‍ കോണ്‍ഗ്രസാണ് രണ്ടാമത്.


Content Highlight: BJP declared assets worth Rs 4,847 crore in 2019-20

We use cookies to give you the best possible experience. Learn more