ഭോപ്പാല്‍: 28 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് മധ്യപ്രദേശ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി സിന്ധ്യ പാര്‍ട്ടി തഴയുകയാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്‍പന്തിയില്‍ പോലും ജ്യോതിരാദിത്യ സിന്ധ്യ ഇല്ലെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ഡിജിറ്റല്‍ പോസ്റ്ററുകളിലോ ഫ്‌ളക്‌സുകളിലോ സിന്ധ്യയുടെ ചിത്രം കാണാനില്ല. മറിച്ച് ബി.ജെ.പി നേതാക്കളായ വി.ഡി ശര്‍മ, മുഖ്യമന്ത്രി ശിവരാജ് സിങ് എന്നിവരാണ് ഫ്‌ളക്‌സുകളില്‍ നിറയുന്നത്.
‘ ശിവരാജ് ഉണ്ടെങ്കില്‍ ആത്മവിശ്വാസം ഉണ്ട്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ഫ്‌ളക്‌സുകളില്‍ എഴുതിയിരിക്കുന്നത്.
ഗ്വാളിയര്‍ രാജകുടുംബത്തെ ബി.ജെ.പി മാറ്റിനിര്‍ത്തുന്നത് ഇതാദ്യമല്ല. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പിന്നാലെ ബി.ജെ.പിയിലെ ഒരു വിഭാഗം സിന്ധ്യയുമായി അസ്വാരസ്യത്തിലായിരുന്നു. യഥാര്‍ത്ഥ ബി.ജെ.പി നേതാക്കളെ അവഗണിക്കാനാവില്ലെന്ന തരത്തിലുള്ള പ്രസ്താവനകളും നേതൃത്വത്തില്‍ നിന്നും വന്നിരുന്നു.
സിന്ധ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും പിന്തുണക്കാരനുമായ തുളസി ശിലാവത്ത് മത്സരിക്കുന്ന ഇന്‍ഡോറിനടുത്തുള്ള സാന്‍വറില്‍ സ്ഥാപിച്ച ഹോര്‍ഡിംഗുകളില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെയാണ് ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.
താരതമ്യേന പാര്‍ട്ടിയിലെ ജൂനിയറായ വിജയവര്‍ഗിയയുടെ മകന്‍ ആകാശിനെപ്പോലുള്ള അംഗങ്ങള്‍ക്കൊപ്പം മാത്രമാണ് സിന്ധ്യയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സിന്ധ്യ അനുകൂലികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.
ബി.ജെ.പിയിലെ 30 സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ സിന്ധ്യ പത്താം സ്ഥാനത്താണ്.
പട്ടികജാതി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പി വൈസ് പ്രസിഡന്റ് ദുശ്യന്ത് കുമാര്‍ ഗൗതത്തെപ്പോലെയുള്ള താരതമ്യേന അറിയപ്പെടാത്ത ചില നേതാക്കളെ ഉള്‍പ്പെടുത്തിയ പട്ടികയിലാണ് സിന്ധ്യയുടെ പേരുമുള്ളത്. അതില്‍ തന്നെ ഏറെ പിന്നിലായാണ് സിന്ധ്യയെ ഉള്‍പ്പെടുത്തിയത്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, തവാര്‍ ചന്ദ് ഗെലോട്ട്, ധര്‍മേന്ദ്ര പ്രധാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരെല്ലാം പട്ടികയില്‍ സിന്ധ്യയ്ക്ക് മുകളിലാണ്.
സംസ്ഥാന പ്രസിഡന്റ് വി.ഡി ശര്‍മ്മയുടെ പേരാണ് ഒന്നാം സ്ഥാനത്തുള്ളത്. ശിവരാജ് സിങ് ചൗഹാന്റെ പേര് രണ്ടാം സ്ഥാനത്തുമാണ്. നാല് ദളിത് നേതാക്കളും രണ്ട് ആദിവാസി നേതാക്കളും ഈ പട്ടികയിലുണ്ട്.
അതേസമയം 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായിരുന്നു സിന്ധ്യയെന്നായിരുന്നു ഈ റിപ്പോര്‍ട്ടിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. മാര്‍ച്ച് മാസത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സിന്ധ്യയെ സഹായിച്ചവര്‍ എല്ലാം അദ്ദേഹത്തെ മഹാരാജ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ ശ്രേണിയിലെ തന്റെ പദവിയുടെ കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുന്നെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
എന്നാല്‍ റാങ്കും സീനിയോറിറ്റിയും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
മെയ് മാസത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണ സീറ്റ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സിന്ധ്യ ചമ്പല്‍ ഗ്വാളിയോര്‍ മേഖലയിലെ 16 സീറ്റുകള്‍ ബി.ജെ.പിക്ക് നേടിക്കൊടുക്കാനാകുമോ എന്ന കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂചനകളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലാകുന്ന ചില വീഡിയോയില്‍ സിന്ധ്യ അദ്ദേഹത്തെ സ്വയം”മഹാരാജ്”എന്ന് വിശേഷിപ്പിച്ചതും ചര്‍ച്ചയായിരുന്നു.
‘എല്ലാവരോടും പറയാനുള്ളത് ഇതാണ്. ഈ തെരഞ്ഞെടുപ്പ് പ്രാദേശിക സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മാത്രമല്ല, മറിച്ച് മഹാരാജിന് വേണ്ടിയാണെന്നായിരുന്നു’ സിന്ധ്യയുടെ പരാമര്‍ശം.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും തമ്മിലുള്ള പോരാട്ടത്തിനാണ് 28 സീറ്റുകളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇരുവരും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുമുണ്ട്.
ഗ്വാളിയര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയുടെ സ്വാധീനം കണക്കിലെടുത്ത് കോണ്‍ഗ്രസ് ഇവിടെ ക്യാമ്പ് ചെയ്തുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രചരണ പരിപാടികള്‍ നടത്തുന്നുണ്ട്.
എന്നാല്‍ സിന്ധ്യയ്‌ക്കെതിരെ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടുന്ന ചമ്പലില്‍ സിന്ധ്യയെ തന്നെ മുന്‍നിര്‍ത്തി പ്രതിരോധിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് ബി.ജെ.പി.
പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ കമല്‍നാഥ് തന്നെയാണ് ഉള്ളത്. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സോണിയ ഗാന്ധിയുടേയും കമല്‍നാഥിന്റേയും പേരുകളാണ് ഉയര്‍ത്തിക്കാട്ടിയത്.
തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയ ദിഗ്വിജയ് സിങ്ങിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുള്ള ചുമതലയാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക