| Sunday, 16th October 2022, 5:26 pm

സുധാകരന്‍ രാമായണത്തെ വ്രണപ്പെടുത്തിയെന്ന് കെ. സുരേന്ദ്രന്‍; കോണ്‍ഗ്രസിന്റെ പദവികളില്‍ ഇരിക്കുന്നവര്‍ ഹിന്ദു വിദ്വേഷകരെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെക്കന്‍ കേരളത്തേയും രാമായണത്തേയും അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കെ. സുധാകരന് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കേരളത്തിലെ എം.പിയെന്ന് പറഞ്ഞിരിക്കാന്‍ രാഹുലിന് യോഗ്യതയില്ലെന്നാണ് ബി.ജെ.പി അഭിപ്രായം. സുധാകരന്റെ തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടുള്ള വിരോധമായിരിക്കാം ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാമായണത്തെക്കുറിച്ചും തെക്കന്‍ കേരളത്തിലെ ജനങ്ങളെക്കുറിച്ചും സുധാകരന്‍ നടത്തിയത് അപമാനകരവും പ്രകോപനപരമായ പ്രസ്താവനയാണ്. സാധാരണ ജനങ്ങളോടും വിശ്വാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് സുധാകരന്‍ നടത്തിയത്. രാമായണത്തിലെ കഥകളെക്കുറിച്ച് അനാവശ്യ വ്യാഖ്യാനം നടത്തേണ്ടതില്ല. രാഷ്ട്രീയക്കാര്‍ മഹാ പണ്ഡിതര്‍ അല്ല. സുധാകരന്റെ ചരിത്രബോധം പൂര്‍ണമായും നഷ്ടപ്പെട്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സുധാകരന്‍ രാമായണ വിശ്വാസത്തെ വ്രണപ്പെടുത്തി. രാമനും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തെ ഒരു മതിപ്പുമില്ലാതെ വ്യാഖ്യാനിച്ചു. എവിടുന്നാണ് സുധാകരന് ഇതൊക്കെ കിട്ടുന്നത്. സുധാകരന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ചരിത്രബോധമില്ലാതെയാണ് കവലപ്രസംഗം നടത്തുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിന്റെ പദവികളില്‍ ഇരിക്കുന്നവര്‍ ഹിന്ദു വിദ്വേഷകരാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ. സുധാകരന്‍ മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്‍കിയ മറുപടിയിലാണ് കെ. സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

തെക്കന്‍ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും രാഷ്ട്രീയക്കാര്‍ തമ്മിലുളള വ്യത്യാസം പറയാന്‍ അദ്ദേഹം രാമന്റെയും സീതയുടേയും കഥയാണ് ഉദ്ധരിച്ചത്. പരാമര്‍ശം വിവാദമായതോടെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: BJP Criticizing KPCC President K Sudhakaran On His Controversial statement

We use cookies to give you the best possible experience. Learn more