അടിയന്തരാവസ്ഥ 2.0, മാധ്യമങ്ങളെ ഭയക്കുന്നു; ഇന്ത്യക്കെതിരെ ബി.ജെ.പി
ന്യൂദല്‍ഹി: ദേശീയ ന്യൂസ് ചാനലിലെ 14 അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇന്ത്യാ മുന്നണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി. ഇന്ത്യാ മുന്നണി മാധ്യമങ്ങളെ ഭയപ്പെടുന്നുവെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞു.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത വീക്ഷണമുള്ളവരെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.
‘മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ചരിത്രമാണ് കോണ്‍ഗ്രസിന് എക്കാലത്തും അവകാശപ്പെടാനുള്ളത്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത വീക്ഷണമുള്ളവരെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ട്.
പണ്ഡിറ്റ് നെഹ്റു അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറച്ചു, തന്നെ വിമര്‍ശിച്ചവരെ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും ഇക്കാര്യത്തില്‍ ഇന്ദിരാ ഗാന്ധിയാണ് സ്വര്‍ണ്ണ മെഡല്‍ ജേതാവായി തുടരുന്നത്. ഭയാനകമായ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്.
The history of Congress has many instances of bullying the media and silencing those with differing views.
Pandit Nehru curtailed free speech and arrested those who criticised him.
Indira Ji remains the Gold Medal winner of how to do it- called for committed judiciary,…
— Jagat Prakash Nadda (@JPNadda) September 14, 2023
മാധ്യമങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ രാജീവ് ഗാന്ധി ശ്രമിച്ചു, പക്ഷേ ദയനീയമായി പരാജയപ്പെട്ടു. സോണിയയുടെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ നിരോധിക്കുകയായിരുന്നു,’ ജെ.പി. നദ്ദ പരഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ നടപടി അടിയന്തരാവസ്ഥ 2.0 ആണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു.
‘ജനാധിപത്യത്തില്‍ യാതൊരു തരത്തിലുമുള്ള വിശ്വാസമില്ലെന്നാണ് ഈ നടപടികളില്‍ നിന്ന് മനസിലാകുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ആഗ്രഹിക്കുന്നത്,’ അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേമസയം, വിദ്വേഷ പ്രചരണത്തിന് ഇടം നല്‍കുന്നതും പ്രതിപക്ഷ ബഹുമാനമില്ലാത്തതുമായ അവതാരകരെയാണ് ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്നത്.
ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട 28 പ്രതിപക്ഷ പാര്‍ട്ടികളും ലിസ്റ്റിലെ അവതാരകരുടെ പരിപാടികളില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കില്ല.
റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് രഞ്ജന്‍ ഗോസ്വാമി, ന്യൂസ് 18 ചാനലിലെ അമന്‍ ചോപ്ര, ആജ് തകിലെ ചിത്ര ത്രിപാഠി എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ മുന്നണി ബഹിഷ്‌കണം ഏര്‍പ്പെടുത്തിയ അവതാരകര്‍
1. അമന്‍ ചോപ്ര (ന്യൂസ് 18)
2. അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18)
3. അദിതി ത്യാഗി (ഇന്ത്യ എക്‌സ്പ്രസ്)
4. ചിത്ര ത്രിപാഠി (ആജ് തക്)
5. അര്‍ണബ് ഗോസ്വാമി(റിപ്പബ്ലിക് ടി.വി)
6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ)
7. പ്രാചി പരാശര്‍ (ഇന്ത്യ ടിവി)
8. ആനന്ദ് നരസിംഹന്‍ (ന്യൂസ് 18)
9. സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
10. ശിവ് അരൂര്‍ (ഇന്ത്യ ടുഡേ)
11. റൂബിക ലിയാഖത്ത് (ഇന്ത്യ 24)
12. സുധീര്‍ ചൗധരി(ആജ് തക്)
13. അശോക് ശ്രീവാസ്തവ്
14. നവിക കുമാര്‍(ടൈംസ് നൗ)
Content Highlight: BJP criticizes India Front’s decision to boycott 14 anchors of national news channel