പട്‌ന: ബീഹാറിലെ പുതിയ സര്‍ക്കാര്‍ സാമൂഹിക അസന്തുലിതാവസ്ഥയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കുള്ള സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണെന്ന് ബി.ജെ.പി നേതാവ് സുശില്‍ കുമാര്‍ മോദി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ എത്തുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.
മുഖ്യമന്ത്രിയും ആര്‍.ജെ.ഡിയുടെ തേജസ്വി യാദവും ഉള്‍പ്പെടുന്ന 33 അംഗ മന്ത്രിസഭയില്‍ 33 ശതമാനത്തിലധികം സീറ്റുകള്‍ രണ്ട് സമുദായങ്ങള്‍ പിടിച്ചെടുത്തതായും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ലളിത് യാദവ്, സുരേന്ദ്ര യാദവ്, രാമാനന്ദ് യാദവ്, കാര്‍ത്തികേയ സിങ് തുടങ്ങിയവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളും മുന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സുശീല്‍ മോദി പരാമര്‍ശിച്ചു.
ബി.ജെ.പിയുടെ ഭാഗമായ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് രജപുത്രരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പുതിയ മന്ത്രിസഭയില്‍ തെലി വിഭാഗത്തിന്റേയും ഉയര്‍ന്ന ജാതിക്കാരായ കയസ്തകളുടേയും പ്രാതിനിധ്യം പൂജ്യമാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം വിഭാഗത്തിനും യാദവര്‍ക്കും കാബിനറ്റില്‍ 13 ബെര്‍ത്തുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരം സാമൂഹിക അസന്തുലിതാവസ്ഥയും ക്രിമിനല്‍വത്ക്കരണവും അംഗീകരിക്കുന്നതിന് നിതീഷ് കുമാറിര്‍ നിര്‍ബന്ധിതമാകുന്നതിന്റെ കാരണമെന്താണെന്ന് എനിക്ക് അത്ഭുതം തോന്നുന്നു,’ മോദി പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ പുതിയ ഭരണത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇ.ബി.സി വിഭാഗക്കാരിയായ രേണു ദേവിയെ ഉപമുഖ്യമന്ത്രിയാക്കിയത് ബി .ജെ.പിയാണ്. വലിയ മന്ത്രിമാരെയല്ല, അന്ന് അസംഘടിതമായ സാമൂഹിക വിഭാഗത്തെയാണ് ഉന്നത സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബിനറ്റിലെ ഇ.ബി.സി വിഭാഗക്കാരുടെ എണ്ണം ആറില്‍ നിന്ന് മൂന്നായി കുറഞ്ഞുവെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: BJP criticize bihar’s new cabinet