കോൺഗ്രസ് പാർട്ടിക്കെതിരെ ബി.ജെ.പി സ്ഥിരമുയർത്തുന്ന ആരോപണമാണ് ഗാന്ധി കുടുംബമാണ് പാർട്ടി ഭരിക്കുന്നത് എന്നത്.
ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ച്ചയെ ബി.ജെ.പി പരിഹസിക്കുമ്പോൾ കോൺഗ്രസ് മന്ത്രിമാരും ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളായിരുന്ന നേതാക്കളുടെ മക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്ന ‘മക്കൾ നേതാക്കൾ’ ആരൊക്കെയാണെന്നും അവർ ബി.ജെ.പിയിൽ ഇപ്പോൾ വഹിക്കുന്ന പദവികൾ എന്തൊക്കെയാണെന്നും നോക്കാം.
മുൻ സംസ്ഥാന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പേര് തന്നെയാണ് കൂട്ടത്തിൽ എടുത്തുപറയേണ്ടത്.
പാർട്ടിയിൽ നിന്ന് സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത്. ഇപ്പോൾ പാർട്ടിയുടെ ദേശീയ സെക്രട്ടറി സ്ഥാനമാണ് വഹിക്കുന്നത്. കോൺഗ്രസിലായിരിക്കെ സംസ്ഥാന ഭാരവാഹിത്വം പോലുമില്ലാത്ത അനിൽ ആന്റണി, കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തെ കളിയാക്കുന്ന ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി ആയത് എന്തുകൊണ്ട് എന്നത് ഒരു ചോദ്യമാണ്.
കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിക്കൊണ്ട് ബി.ജെ.പിയിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ. യു.പി.എ സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന സിന്ധ്യ 2020ലാണ് കമൽ നാഥുമായുള്ള അധികാര തർക്കത്തെ തുടർന്ന് ബി.ജെപിയിലേക്ക് പോയത്. ഇപ്പോൾ അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രി കൂടിയാണ്.
എ.ഐ.സി.സി വൈസ് പ്രസിഡന്റായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനും യു.പി.എ ഭരണകൂടത്തിൽ കേന്ദ്രസഹമന്ത്രിയുമായിരുന്ന ജിതിൻ പ്രസാദ 2021ലാണ് ബി.ജെ.പിയിലേക്ക് കളം മാറിയത്. നിലവിൽ അദ്ദേഹം ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയുടെ മകളായിരുന്ന റീത്ത ബഹുഗുണ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും യു.പി പി.സി.സി അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.
നിലവിൽ ലോക്സഭാംഗമായ റീത്ത 2016ലാണ് ബി.ജെ.പിയിൽ ചേരുന്നത്. യു.പിയിൽ ബി.ജെ.പി സർക്കാരിന്റെ വനിതാ, ശിശുക്ഷേമ മന്ത്രിയുമായിരുന്നു അവർ.
കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ബൽറാം ഝാക്കറുടെ മകൻ സുനിൽ ഝാക്കർ 2022ലാണ് ബി.ജെ.പിയിൽ ചേരുന്നത്. നിലവിൽ പഞ്ചാബ് ബി.ജെ.പി അധ്യക്ഷനായ അദ്ദേഹം കോൺഗ്രസിലായിരിക്കെ പഞ്ചാബ് പ്രതിപക്ഷ നേതാവ്, പി.സി.സി അധ്യക്ഷൻ, ലോക്സഭാംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന സി.പി.എൻ. സിങ്ങിന്റെ മകൻ ആർ.പി.എൻ. സിങ് 2022ലാണ് ബി.ജെ.പിയിൽ ചേർന്നത്. യു.പി.എ ഭരണകൂടത്തിൽ കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തിന് ബി.ജെ.പി കഴിഞ്ഞ ദിവസമാണ് രാജ്യസഭാ സീറ്റ് നൽകിയത്.
ഇന്ദിര ഗാന്ധിയുടെ വിശ്വസ്ഥനും അവിഭക്ത ആന്ധ്രയുടെ മന്ത്രിയുമായിരുന്ന എൻ. അമർനാഥ് റെഡ്‌ഡിയുടെ മകനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ കിരൺ കുമാർ റെഡ്‌ഡി കഴിഞ്ഞ വർഷമാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത്.
ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയ്‌യും തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജി.കെ. മൂപ്പനാരുടെ മകൻ ജി.കെ. വാസവനുമാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ മറ്റ് നേതാക്കൾ.