ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് വാറന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി
India
ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് വാറന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 8:04 am

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് വാറന്റില്‍ വിമര്‍ശനവുമായി ബി.ജെ.പി. പോക്‌സോ കേസിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും, ബി.ജെ.പി നേതാവുമായ യെദ്യൂരപ്പക്ക് ബെംഗളൂരു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിദ്വേഷ രാഷ്ട്രീയം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എമാരായ സി.ടി. രവി, എന്‍. രവികുമാര്‍, ചളവടി നാരായണസ്വാമി തുടങ്ങിയവര്‍ രംഗത്തു വന്നു.

‘ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്ന് പറയുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മാര്‍ച്ചിലാണ്. പൊലീസ് സ്റ്റേഷനില്‍ തന്നെ മൊഴി നല്‍കണമെന്ന് യെദ്യൂരപ്പക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് ആവശ്യമില്ലെന്ന് പൊലീസ് പറയുകയായിരുന്നു. വീട്ടില്‍ വന്നു മൊഴി രേഖപ്പെടുത്തും എന്നാണ് പൊലീസ് പറഞ്ഞത്. ശബ്ദ സാമ്പിള്‍ പൊലീസ് പരിശോധിക്കുന്നത് ഏപ്രിലില്‍ ആണ്,’ ബി.ജെ.പി എം.പിമാര്‍ പറയുന്നു.

കേസ് വെറുതെയാണെന്നും അത്‌കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് ബി.ജെ.പി എം.പിമാര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എതിരെ അറുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘യെദ്യൂരപ്പ ന്യൂദല്‍ഹിയിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മടങ്ങിയെത്തും. എന്നിട്ടും പൊലീസ് അടിയന്തിര ഇടപെടല്‍ നടത്തി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു മാസമില്ലാത്ത ബോധമാണ് അവര്‍ക്ക് ഇപ്പോള്‍ പെട്ടെന്ന് ഉണ്ടായിരിക്കുന്നത്,’ ബി.ജെപി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവിനൊപ്പം വസതിയിലെത്തിയ പെണ്‍കുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. അര്‍ബുദബാധയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മെയ് 26 ന് മരിച്ചിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ റിട്ട് ഹര്‍ജി നല്‍കി. ഇതിനു പിന്നാലെ സി.ഐ.ഡി യെദ്യൂരപ്പക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു.

Content Highlight:  BJP cries foul over warrant for arrest of B S Yediyurappa