ന്യൂദല്‍ഹി: പാക് തടവില്‍ നിന്നും മോചിക്കപ്പെട്ട ഐ.എ.എഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ പ്രചരണം. പാക് തടവില്‍ നിന്നും അഭിനന്ദ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ വ്യാജപേജാണിതെന്നത് വ്യക്തമാണ്.
അഭിനന്ദന്‍ പാക് തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് ട്വിറ്ററില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് “അഭിമാനം തോന്നുന്നു” എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
https://twitter.com/_WCAbhinandan/status/1101817078468640770
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും ഈ അക്കൗണ്ടുവഴി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/_WCAbhinandan/status/1101711393307254785
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന സംഘര്‍ഷങ്ങളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. അതിര്‍ത്തി പുകയുന്ന വേളയിലും, ഒരു ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായ വേളയിലും ബി.ജെ.പി അവരുടെ തെരഞ്ഞെടുപ്പു പരിപാടികളൊന്നും മാറ്റിവെച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഈ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതുമാണ് കണ്ടത്. അഭിനന്ദന്‍ പാക് പിടിയിലായ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിരുന്നില്ല. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയ മാര്‍ച്ച് ഒന്നിന് ഉച്ചയോടെ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോദി അഭിനന്ദന്റെ പേര് ആദ്യമായി പരാമര്‍ശിക്കുന്നത്.
“അഭിനന്ദന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളായതിനാല്‍ എല്ലാവരും അഭിമാനിക്കണം” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
അതേസമയം, പാക് ആര്‍മിയേയും പാക്കിസ്ഥാനേയും പ്രകീര്‍ത്തിച്ചുകൊണ്ട് അഭിനന്ദന്റെ പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തുന്നത്.