സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ബി.ജെ.പി കൗണ്‍സിലറുടെ അറസ്റ്റ്; ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധം
Kerala News
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ബി.ജെ.പി കൗണ്‍സിലറുടെ അറസ്റ്റ്; ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 2:43 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ അറസ്റ്റില്‍. തിരുവനന്തപുരം പി.ടി.പി നഗര്‍ വാര്‍ഡ് കൗണ്‍സിലറായ വി.ജി. ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

തീവെപ്പ് കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത് ഗിരികുമാറാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരുമകുളം സ്വദേശി ശബരിയെ കൂടി ഇന്ന് കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി കൗണ്‍സിലറും പിടിയിലാകുന്നത്. ഇതിന് മുമ്പ് കൃഷ്ണ കുമാര്‍ എന്ന ആര്‍.ആര്‍.എസ് പ്രവര്‍ത്തകനും കേസില്‍ അറിസ്റ്റിലായിരുന്നു.

 

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രകാശും ഇപ്പോള്‍ അറസ്റ്റിലായ ശബരിയുമാണ് ആശ്രമം തീവെച്ച സംഭവത്തില്‍ നേരിട്ട് പങ്കാളിയായതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യക്ക് ശേഷം ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേരെ ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീയിട്ടവര്‍ ഷിബു സ്വാമിക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും അവിടെവെച്ചിരുന്നു.

Content Highlight: BJP councilor arrested in case of burning Swami Sandeepananda Giri’s ashram