തൃശ്ശൂര്‍: കൊവിഡിന്റെ മറവില്‍ ബി.ജെ.പി. ഡാറ്റാ തട്ടിപ്പ് നടത്തുന്നെന്ന് ആരോപണം. കൊവിഡ് കാലത്തിനിടെ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍മാരില്‍ ചിലര്‍ അനധികൃത വിവരശേഖരണം നടത്തുന്നെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം. പുല്ലൂറ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിനെന്ന വ്യാജേനെ ജനങ്ങളില്‍ നിന്ന് പ്രത്യേക ഫോറം അച്ചടിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നെന്നാണ് സി.പി.ഐ.എം. പറയുന്നത്.
കൊടുങ്ങല്ലൂര്‍ നഗരസഭ ഇത്തരത്തിലൊരു വിവരശേഖരണം തീരുമാനിച്ചിട്ടില്ലെന്നും ഇതിനിടെയാണ് നഗരസഭയുടെ പേര് തലക്കെട്ടില്‍ ഉപയോഗിച്ചുകൊണ്ട് വ്യാജ ഫോറം അച്ചടിച്ചിട്ടുള്ളതെന്നും സി.പി.ഐ.എം. പറഞ്ഞു.
കൊടുങ്ങല്ലൂര്‍ നഗരസഭാ സെക്രട്ടറിക്ക് നിയമനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം. ഇക്കാര്യത്തില്‍ പരാതി നല്‍കും.
കൗണ്‍സിലര്‍ എന്ന നിലയിലുള്ള അധികാരം ദുര്‍വിനിയോഗം ചെയ്തു കൊണ്ട് ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഏതോ നിഗൂഢ കേന്ദ്രങ്ങള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.ഐ.എം ആരോപിച്ചു.
ആധാര്‍ വിവരങ്ങള്‍, വീട്ടിലെ അംഗങ്ങളുടെ എണ്ണം, വളര്‍ത്തുമൃഗങ്ങളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും, പെന്‍ഷന്‍ വിവരങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂളിന്റെയും പേര് തുടങ്ങി തികച്ചും സൂക്ഷമവും സ്വകാര്യവുമായ വിവരങ്ങള്‍ ആണ് വിവരശേഖരണത്തിന്റെ ഭാഗമായി ശേഖരിക്കപ്പെടുന്നതെന്നും സി.പി.ഐ.എം. പറഞ്ഞു.
അനധികൃതമായി ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വിവര ശേഖരം നിര്‍ത്തിവെച്ച് ജനങ്ങളോട് മാപ്പ് പറയണം എന്നും അധികൃതര്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം. പുല്ലൂറ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
BJP Councillor collect illegal information In Kodungallur; The CPI (M) has demanded legal action.