| Saturday, 13th April 2024, 3:49 pm

രാജസ്ഥാനും ഹരിയാനയും കൈവിട്ടേക്കും; ഉത്തരേന്ത്യയിൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടുമെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. രാജസ്ഥാനിലും ഹരിയാനയിലും ഇത്തവണ വിജയം ആവര്‍ത്തിക്കാനാകില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 2019ൽ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയ രാജസ്ഥാനിലും ഹരിയാനയിലും ഇത്തവണ വിജയം എളുപ്പമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഹരിയാനയിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും രാജസ്ഥാനിലെ ആറ് മണ്ഡലങ്ങളിലും ശക്തമായ മത്സരം നേരിടേണ്ടി വരുമെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.

ഹരിയാനയിലെ റോഹ്തക്, സോനെപത്, സിര്‍സ, ഹിസാര്‍, കര്‍ണാല്‍ എന്നീ മണ്ഡലങ്ങളും രാജസ്ഥാനിലെ ബാര്‍മര്‍, ചുരു, നാഗൗര്‍, ദൗസ, ടോങ്ക്, കരൗളി എന്നിവയുമാണ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങള്‍.

ഹരിയാനയും രാജസ്ഥാനും ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പല സ്ഥലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആയേക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരിച്ചടി നേരിടുമെന്ന് വിലയിരുത്തപ്പെട്ട സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതലായി പ്രചരണത്തിനിറക്കി എതിര്‍പ്പുകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.

ജാട്ട് സമുദായത്തില്‍ നിന്ന് ഉള്‍പ്പടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ജാട്ട് സമുദായത്തിന്റെ പ്രതിനിധികളായ മുൻ കേന്ദ്ര മന്ത്രി ബിരേന്ദര്‍ സിങ്ങും മകന്‍ ബ്രിജേന്ദ്ര സിങ്ങും ബി.ജെ.പി വിട്ട് ഇന്ത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതും കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയില്‍ തുടരുന്ന ഭരണവിരുദ്ധ വികാരവും ബി.ജെ.പിക്ക് വെല്ലുവിളി ആകുമെന്നാണ് വിലയിരുത്തല്‍.

Content Highlight: BJP could face a challenge in 5 Haryana , 6 Rajasthan seats: Survey

We use cookies to give you the best possible experience. Learn more