ലക്‌നൗ: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പ് നേരത്തെയാക്കാന്‍ സാധ്യതയുണ്ടെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. പഞ്ജാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ചണ്ഡീഗഢ് എന്നിവടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“കഴിഞ്ഞദിവസത്തെ ഫലം മുതല്‍ ബി.ജെ.പിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ളതിനാല്‍ 2019 ആകുമ്പോഴേക്കും സ്ഥിതി മോശമാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ടാവും. അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള സാധ്യത കൂടുതലാണ്.” അവര്‍ പറഞ്ഞു.
ബി.ജെ.പി യെ ഒരു പാഠം പഠിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.എസ്.പി- എസ്.പി സഖ്യത്തെക്കുറിച്ച് മായാവതി പറഞ്ഞു.
അതേസമയം ഗോരഖ്പൂര്‍ ഫൂല്‍പൂര്‍ എന്നിവിടങ്ങളില്‍ താമര വാടിയതോടെ ബി.ജെ.പിയുടെ അഹങ്കാര മനോഭാവം മാറാന്‍ സാധ്യതയുണ്ടെന്ന് സമാജ് വാദി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. “സമാജ് വാദികള്‍ എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുവാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ നമുക്ക് ചില പഴയ സംഭവങ്ങള്‍ മറക്കേണ്ടിവരും. ഞങ്ങള്‍ ഇതുവരെ ആരോടും മോശമായി പെരുമാറിയിട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോഴും എല്ലാവരുമായും നല്ല ബന്ധമുള്ളത്.” അഖിലേഷ് പറഞ്ഞു.
കോണ്‍ഗ്രസ്സുമായുള്ള സൗഹൃദബന്ധം തുടരുമെന്നും അഖിലേഷ് പറഞ്ഞു. “രാഹുല്‍ ഗാന്ധിയും ഞാനും ചെറുപ്പമാണ്. അതിനാല്‍ ഇരുവരും ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണം. രാജ്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴി കണ്ടെത്തണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Watch: ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം