| Saturday, 27th June 2020, 2:34 pm

പാര്‍ട്ടി പ്രവര്‍ത്തകരെ പോലും വിദേശത്ത് നിന്ന് മടക്കികൊണ്ടുവരാന്‍ ഇടപെട്ടില്ല; ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ വി.മുരളീധരന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡി.ആര്‍.ഡി.ഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമുള്ള വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃഷ്ണദാസ് പക്ഷമാണ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരും പാര്‍ട്ടി ബന്ധമില്ലാത്തവരും ഉണ്ട്.

കൂടാതെ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനാണ്. ഇയാള്‍ ഓഫീസ് അംഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ കേന്ദ്രമന്ത്രിക്കെതിരായ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിലപാട്. മുരളീധരനും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.

നേരത്തെ വി.മുരളീധരന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മുരളീധരന്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് ദേശാഭിമാനി എഡിറ്റോറിയലില്‍ വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാന ബി.ജെ.പിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ മുരളീധരന്റെ വിരോധത്തിന് കാരണമെന്നും എഡിറ്റോറിയല്‍ ചോദിച്ചു.

കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ പദവിവരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഈ വിരോധത്തിന് കാരണം?

ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. എന്നും വിദ്വേഷരാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂ എന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more