| Sunday, 22nd August 2021, 10:50 am

കാര്‍ഷിക നിയമം തിരിഞ്ഞുകൊത്തുന്നു; പാര്‍ട്ടി വിട്ട് നേതാക്കള്‍, അടിയന്തരയോഗം ചേര്‍ന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നതോടെ പഞ്ചാബില്‍ അടിയന്തരയോഗം വിളിച്ച് ബി.ജെ.പി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബി.ജെ.പി നേതാക്കളാണ് ശിരോമണി അകാലിദളില്‍ ചേര്‍ന്നത്.

സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു യോഗം.

ആറ് വര്‍ഷം മുന്‍പ് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ മുന്‍മന്ത്രി അനില്‍ ജോഷി കഴിഞ്ഞ ദിവസമാണ് ശിരോണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന-ജില്ലാ നേതൃത്വത്തില്‍പ്പെട്ട നേതാക്കളും ശിരോമണി അകാലിദളില്‍ ചേര്‍ന്നിരുന്നു.

മുന്‍ എം.എല്‍.എ സുഖ്പാല്‍ സിംഗ് നന്നു കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുഖ്പാല്‍ പാര്‍ട്ടിവിട്ടത്.

സമരം ചെയ്യുന്നവര്‍ മരണപ്പെടുന്നതില്‍ തന്റെ അനുയായികള്‍ നിരാശരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണ പഞ്ചാബിലെ ബി.ജെ.പിയുടെ സുപ്രധാനനേതാക്കളില്‍ ഒരാളാണ് സുഖ്പാല്‍ സിങ് നന്നു. സുഖ്പാലിന്റെ രാജിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചാബ് ബി.ജെ.പി വക്താവ് അനില്‍ സരീന്‍ സുഖ്പാല്‍ സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിവെയ്ക്കാനുള്ള തീരുമാനവുമായി സുഖ്പാല്‍ മുന്നോട്ട് പോകുകയായിരുന്നു. അശ്വനി ശര്‍മ്മയാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും സംസ്ഥാനത്തിന്റെ വികാരം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും സുഖ്പാല്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന ബി.ജെ.പിയിലെ നിരവധി പേര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ശൈലിയ്‌ക്കെതിരെയും പലരും വിമര്‍ശനമുന്നയിച്ചിരുന്നു.

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നത്. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തിലെത്താനാണ് ശിരോമണി അകാലിദള്‍ ശ്രമം.

ഇതിനോടകം ബി.എസ്.പിയുമായി ധാരണയിലെത്തിയ ശിരോമണി അകാലിദള്‍, ഇടത് പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയ്ക്കും സംസ്ഥാനത്ത് വലിയ സ്വാധീനമുണ്ട്.

2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 117 സീറ്റിലും മത്സരിക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP core committee reviews fallout of leaders quitting party

We use cookies to give you the best possible experience. Learn more